ചണ്ഡിഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക സംഘടനയായ സംയുക്ത് സമാജ് മോര്‍ച്ചയുമായി (എസ്.എസ്.എം) സഖ്യത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ബല്‍ബീര്‍ സിങ് രജേവാളിന്റെ നേതൃത്വത്തിലുള്ള എസ്.എസ്.എമ്മുമായി എ.എ.പി സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഭഗവത് സിങ് മന്‍ വ്യക്തമാക്കി. തങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുമായി ഒരു കൂടിക്കാഴ്ചയും നടത്തിയിട്ടില്ല. പഞ്ചാബിന്റെ വികസനത്തിനായി ആം ആദ്മി പാര്‍ട്ടിക്ക് പ്രത്യേക കാഴ്ചപ്പാടുണ്ട്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തിയുള്ള വിശാലമായ കാഴ്ചപ്പാടാണത്. ഖജനാവ് കൊള്ളയടിക്കുന്നത് ആം ആദ്മി പാര്‍ട്ടി തടയും. നികുതിപ്പണം ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് 10 ന് പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കും. എ.എ.പി അധികാരത്തില്‍ വന്നാല്‍ ഒരു തൊഴിലാളിയും പണിമുടക്കേണ്ടതില്ലെന്നും സംഗൂരില്‍ നിന്നുള്ള ലോക്‌സഭാംഗം കൂടിയായ മന്‍ പറഞ്ഞു. അതേസമയം എ.എ.പിയുമായുള്ള സഖ്യ വാര്‍ത്തകള്‍ തള്ളി എസ്.എസ്.എമ്മും രംഗത്തെത്തി. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ബല്‍ബീര്‍ സിങ് രജേവാള്‍ പറഞ്ഞു.
മറ്റേതെങ്കിലും പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കാന്‍ പ്രക്ഷോഭം നയിച്ച സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരുവിഭാഗം കര്‍ഷകസംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്രീയപ്പാര്‍ട്ടിയാണ് എസ്.എസ്. എം. കിസാന്‍മോര്‍ച്ചയില്‍ പഞ്ചാബിലെ 32 സംഘടനകളുണ്ടായിരുന്നു. ഇതില്‍ 22 സംഘടനകള്‍ ചേര്‍ന്നാണ് സംയുക്ത് സമാജ് മോര്‍ച്ച’ രൂപവത്കരിച്ചത്. അതേസമയം സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേര് പ്രചാരണത്തില്‍ ഉപയോഗിക്കരുതെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.