എന്‍.എ.എം ജാഫര്‍
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം പാലക്കാട് ജില്ലയിലാണ് അറിയപ്പെടുകയെങ്കിലും ഈ മണ്ഡലത്തിന് രണ്ട് ജില്ലകളുടെ മനസ്സാണുള്ളത്്. ആകെ ഏഴ് നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്ന ആലത്തൂരില്‍ പാലക്കാട് ജില്ലയിലെ നാല് മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളുമുണ്ട്. രണ്ട് ജില്ലകളിലെയും വോട്ടര്‍മാര്‍ ഒരു പോലെ ചിന്തിച്ചാലേ ഏതെങ്കിലും മുന്നണിയിലെ സ്ഥാനാര്‍ത്ഥിയെ ഇവിടെ വിജയിപ്പിക്കാനാവൂ. പാലക്കാട് ജില്ലയിലെ തരൂര്‍, ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍ നിയോജകണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, ചേലക്കര, കുന്ദംകുളം മണ്ഡലങ്ങളും ഉള്‍പ്പെട്ടതാണ് ആലത്തൂര്‍.
കേരളപ്പിറവിക്ക് മുമ്പ് പൊന്നാനി ലോക്‌സഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. പിന്നീട് 1977 മുതല്‍ 32 വര്‍ഷക്കാലം ഒറ്റപ്പാലം മണ്ഡലമായി നിലകൊണ്ടു. ഇന്ത്യന്‍ രാഷ്ട്രപതി സ്ഥാനത്തേക്കുയര്‍ന്ന കെ.ആര്‍ നാരായണന്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത് ഒറ്റപ്പാലം മണ്ഡലത്തില്‍ മത്സരിച്ചുകൊണ്ടായിരുന്നു. കെ.ആര്‍ നാരായണന്റെ രംഗപ്രവേശവും വമ്പിച്ച തെരഞ്ഞെടുപ്പ് വിജയവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. 1977ലാണ് ഒറ്റപ്പാലം ലോകസഭാമണ്ഡലത്തിന്റെ പിറവി. സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഏറെ സ്ഥാനം പിടിച്ചിരുന്ന ഒറ്റപ്പാലത്തിന്റെ രാഷ്ട്രീയത്തിനും ഏറെ പ്രധാന്യമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഒറ്റപ്പാലം സമ്മേളനം മുതല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ചൂരും ചൂടുമറിഞ്ഞ ഈ മണ്ണില്‍ ആദ്യമായി വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന കെ. കുഞ്ഞമ്പുവാണ്. പിന്നീട് 1980ല്‍ അന്നത്തെ യുവനേതാവായിരുന്ന എ. കെ ബാലനാണ് സി. പി. എം സ്ഥാനാര്‍ഥിയായി വിജയിച്ചത്.
1984ലാണ് നയതന്ത്രജ്ജനായ കെ. നാരായണന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. 84ലും 89ലും 91ലും കെ. ആര്‍ നാരായണനായിരുന്നു വിജയി. പിന്നെ കെ. ആര്‍ നാരായണന്‍ ഉപരാഷ്ടപതിയായി. 1993ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്ന് നിയമവിദ്യാര്‍ഥിയായിരുന്ന എസ്. ശിവരാമന്‍ സി. പി. എം സ്ഥാനാര്‍ഥിയായി മണ്ഡലം പിടിച്ചെടുത്തു. കോണ്‍ഗ്രസിലെ കെ. കെ ബാലകൃഷ്ണനെതിരെ 1,32,652 വോട്ടിന്റെ റെക്കാര്‍ഡ് ഭൂരിപക്ഷത്തിനായിരുന്നു വിജയം.
1996ലും 98,99,2004 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സി. പി. എമ്മിന്റെ എസ്. അജയ് കുമാറായിരുന്നു വിജയി. ഒറ്റപ്പാലം മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ തവണ വിജയിച്ചത് എസ്. അജയ്കുമാറാണ്. തൊട്ട് പിന്നില്‍ മൂന്ന് തവണ വിജയിച്ച കെ. ആര്‍ നാരായണനും. അടുത്തിടെ അന്തരിച്ച പ്രശസ്ത സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനായിരുന്നു രണ്ട് തവണ കെ. ആര്‍ നാരായണന്റെ എതിരാളി. തുടക്കത്തില്‍ എ. കെ ബാലനായിരുന്നു പ്രധാന എതിരാളി.
2009ലെ തിരെഞ്ഞടുപ്പില്‍ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയമുണ്ടായപ്പോള്‍ തൃത്താല നിയമസഭാ മണ്ഡലം പുതിയ പൊന്നാനി മണ്ഡലത്തിന്റെ ഭാഗമായി. പട്ടാമ്പി മുതല്‍ മലമ്പുഴ വരെയുള്ള മണ്ഡലങ്ങള്‍ പാലക്കാട് ലോകസഭ മണ്ഡലത്തില്‍ ഉള്‍പ്പെടുത്തി. കുഴല്‍മന്ദം( ഇപ്പോഴത്തെ തരൂര്‍), നെന്മാറ( പഴയകൊല്ലങ്കോട്), ആലത്തൂര്‍, ചിറ്റൂര്‍ മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി, കുന്നംകുളം, ചേലക്കര മണ്ഡലങ്ങളും ചേര്‍ന്ന് ആലത്തൂര്‍ മണ്ഡലം പിറന്നു. മണ്ഡലം പിറന്നശേഷം രണ്ട തവണ നടന്ന തെരഞ്ഞെടുപ്പിലും സി. പി. എമ്മിലെ പി. കെ ബിജുവാണ് വിജയിച്ചത്. ഒരു ലോക്‌സഭാ മണ്ഡലമെന്ന നിലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളോ പ്രധാനപ്പെട്ട വികസന പരിപാടികളോ ഇതുവരെ നടക്കാത്ത മണ്ഡലമാണ് ആലത്തൂര്‍. വികസനകാര്യത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂര്‍. രണ്ട് തവണ തുടര്‍ച്ചയായി എം.പിയായിട്ടും മണ്ഡലത്തിന്റെ വികസനകാര്യത്തില്‍ ഇതുവരെ ശ്രദ്ധിക്കാന്‍ പി.കെ ബിജുവിന് കഴിഞ്ഞില്ലെന്ന് മുന്നണിയില്‍ തന്നെ വിമര്‍ശനമുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ സി.പി.എം ബിജുവിനെ തന്നെ പരീക്ഷിക്കുകയാണ്.
സി.പി.എമ്മിന്റെ കോട്ടയാണ് ആലത്തൂരെന്ന അവകാശവാദവുമായാണ് ഇടതുമുന്നണി ഇത്തവണയും മത്സരരംഗത്തുള്ളത്. എന്നാല്‍ ആലത്തൂരിന്റെ തലവിധി മാറ്റിയെഴുതാന്‍ യു.ഡി.എഫ് ശക്തയായ യുവ സ്ഥാനാര്‍ത്ഥിയെയാണ് മത്സരത്തിനിറക്കിയിരിക്കുന്നത്. കെ.എസ്്.യു വിലൂടെ രാഷ്ട്രീയരംഗത്തേക്കെത്തിയ മികച്ച കലാകാരി കൂടിയായ കോഴിക്കോട് സ്വദേശി രമ്യ ഹരിദാസാണ് ആലത്തൂരില്‍ പോരാട്ടത്തിനിറക്കിയിരിക്കുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ തന്നെ സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ട രമ്യയുടെ വിജയം ആലത്തൂരുകാര്‍ ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ്. വികസന കാര്യത്തില്‍ മരുപ്രദേശം പോലെ കിടക്കുന്ന ആലത്തൂരിനെ ഈ സ്ഥിതിയിലെത്തിച്ചത് സിറ്റിംഗ് എം.പിയുടെ പിടിപ്പുകേടും മടിയുമാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ആര് മത്സരിച്ചാലും ആലത്തൂര്‍ ഇടതിനൊപ്പം എന്ന സി.പി.എം അഹങ്കാരത്തിന് ഇത്തവണ തിരിച്ചടിയുണ്ടാവും. രമ്യ ഹരിദാസ് ഇതിനകം ആലത്തൂരിന്റ പ്രിയ താരമായിക്കഴിഞ്ഞു. മണ്ഡലത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന്് ആലത്തൂരിന്റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. രമ്യ ഹരിദാസിന്റെ രംഗപ്രവേശം തുടക്കത്തില്‍ തന്നെ പി.കെ ബിജുവിനെ വിറപ്പിച്ചിട്ടിട്ടുണ്ട്്.