X

‘സി എച്ചിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്!’ വക്കം പുരുഷോത്തമന്‍ കെ.ടി ജലീലിനെ തിരുത്തിയ കഥ !

സി.എച്ച് അനുസ്മരണയോഗത്തില്‍ കെ.ടി ജലീല്‍ സി.എച്ചിനെ അധിക്ഷേപിച്ചതിനെതിരെ വേദിയില്‍വെച്ചുതന്നെ കഴിഞ്ഞദിവസം അന്തരിച്ച
വക്കം പുരുഷോത്തമന്‍  പൊട്ടിത്തെറിക്കുകയായിരുന്നു. അന്ന് പാലക്കാട് ചന്ദ്രിക റിപ്പോര്‍ട്ടറായിരുന്ന നിലവിലെ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ് കൈപ്പുറമാണ് ഇക്കാര്യം ഓര്‍മിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്.

കുറിപ്പ്:

വക്കം പുരുഷോത്തമന്‍ സ്പീക്കര്‍ ആയിരുന്ന കാലം. പാലക്കാട് പ്രസന്ന ലക്ഷ്മി കല്യാണ മണ്ഡപത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സി എച്ച് അനുസ്മരണം സംഘടിപ്പിച്ചു. ജനറല്‍ സെക്രെട്ടറി ആയിരുന്ന കെ ടി ജലീല്‍ ആണ് സ്വാഗതം പറഞ്ഞത്. ഡോ എം കെ മുനീര്‍ അധ്യക്ഷനനും.
അല്പം നീണ്ടു പോയി ജലീലിന്റെ പ്രസംഗം . ജലീല്‍ കത്തി കയറിയപ്പോള്‍ എന്തൊക്കെയോ പറഞ്ഞു പോയി. മന്ത്രിയായിരുന്നപ്പോള്‍ സി എച്ചിനെതിരെ ഒരുപാട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട് എന്ന് പ്രസംഗമധ്യേ പറഞ്ഞു. പലതവണ അത് ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ സി എച്ച് മരിച്ചപ്പോഴാണ് സമ്പാദ്യമായി ഒന്നും ഉണ്ടായിരുന്നില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമായതെന്നും – ജലീല്‍ പറഞ്ഞവസാനിപ്പിച്ചു. അധ്യക്ഷപ്രസംഗത്തിന് ശേഷം ഡോ. മുനീര്‍ ഉദ്ഘാടനത്തിനുവേണ്ടി സ്പീക്കറായിരുന്ന വക്കം പുരുഷോത്തമനെ ക്ഷണിച്ചു. ആരെയും അഭിസംബോധന ചെയ്യും മുമ്പേതന്നെ വക്കം പുരുഷോത്തമന്‍ പറഞ്ഞു : സ്റ്റേജില്‍ ഇരുന്നിരുന്ന കെ ടി ജലീലിനെ നോക്കി. ഞാന്‍ സി എച്ച് ന്റെ കൂടെ മന്ത്രിയും എംഎല്‍എയും ഒക്കെ ആയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ എനിക്ക് അടുത്ത ബന്ധവുമുണ്ട്. എന്നാല്‍ സ്വാഗത പ്രാസംഗികന്‍ പറഞ്ഞ സി എച്ചിനെ എനിക്കറിയില്ല. മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും സിഎച്ച്‌നെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്നിട്ടില്ല. അങ്ങനെ ചുരുക്കംചില ആളുകളെ കേരള രാഷ്ട്രീയത്തിലുള്ളൂ. ആ സി എച്ചിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു എന്ന വിവരം സ്വാഗത പ്രാസംഗികന് എവിടെ നിന്ന് കിട്ടി. ഇത്തരം വിവരമില്ലായ്മകള്‍ വിളിച്ചു പറയരുത്. അത് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കല്‍ ആവും. – ഇതൊക്കെ പറഞ്ഞശേഷമാണ് വക്കംപുരുഷോത്തമന്‍ സി എച്ച് അനുസ്മരണ സമ്മേളന ചടങ്ങ് ഉദ്ഘാടനത്തിലേക്ക് കടന്നത്. ഈ സമയം അബദ്ധം പിണഞ്ഞപോലെ ഡോക്ടര്‍ കെ ടി ജലീല്‍ സ്റ്റേജിന്റെ ഒരു മൂലയില്‍ ഇരിക്കുകയായിരുന്നു.
പ്രസംഗത്തില്‍ സി എച്ചിനെ കുറിച്ച് വളരെ സാരസമ്പുഷ്ടമായ പ്രസംഗം ആണ് വക്കം നടത്തിയത്.
കേരള രാഷ്ട്രീയത്തിലെ ഉരുക്കു മനുഷ്യനായിരുന്ന വക്കം പുരുഷോത്തമന്‍ വിട പറഞ്ഞിരിക്കുകയാണ്. വക്കം പുരുഷോത്തമന് സമം വക്കം പുരുഷോത്തമന്‍ മാത്രമാണ്. ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. -റഷീദ് എഴുതി.

 

Chandrika Web: