X

ഇരട്ടച്ചങ്കന്‍ വിജയനല്ല, ആകാശവാണി വിജയന്‍; അഴിമതിയുടെ എല്ലാ വഴികളും അവസാനിക്കുന്ന പെട്ടി ഇരിക്കുന്നത് മുഖ്യമന്ത്രിയുടെ വീട്ടില്‍-വിഡി സതീശന്‍

കോഴിക്കോട്: സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്വര്‍ണക്കള്ളക്കടത്തിന്റെ കേന്ദ്രമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

ആ കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൂറ് ദിവസം ജയിലില്‍ കിടന്നു. ഇപ്പോള്‍ ലൈഫ് മിഷന്‍ കോഴക്കേസിലും അതേ പ്രിന്‍സിപ്പല്‍ ജയിലില്‍ കഴിയുകയാണ്. ലൈഫ് മിഷന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. എ.ഐ ക്യാമറ, കെ ഫോണ്‍ അഴിമതികളുടെ പ്രഭവ കേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ മരുന്ന് വാങ്ങിയതിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് കേടിക്കണക്കിന് രൂപയുടെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷം തെളിവ് സഹിതം ഉന്നയിച്ചത്. അതുകൊണ്ടാണ് അമേരിക്കയിലെ ടൈം സ്‌ക്വയര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് എനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയ കേസിലാണ് വിജിലന്‍സ് അന്വേഷണം. കെ. സുധാകരനെതിരെയും ഉണ്ടാക്കിയ കേസാണ്. പത്ത് കോടി രൂപ മോന്‍സണ്‍ മാവുങ്കലിന് കൊടുത്തെന്നാണ് സി.പി.എം പശ്ചാത്തലമുള്ള പരാതിക്കാരന്‍ പറയുന്നത്. പിന്നീട് 25 ലക്ഷം കൊടുത്തത് സുധാകരന്റെ സാന്നിധ്യവും ഉറപ്പും ഉള്ളതുകൊണ്ടാണെന്നും പറയുന്നുണ്ട്. അപ്പോള്‍ ആദ്യം പത്ത് കോടി കൊടുത്തത് ആരുടെ ഉറപ്പിലായിരുന്നു? പരാതിക്ക് ഒരു യുക്തിയുമില്ല. ഭീഷണിപ്പെടുത്തി മൊഴിയുണ്ടാക്കി സുധാകരനെ പെടുത്താന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

എം.പി ആയതിനാല്‍ പബ്ലിക് ഫിനാന്‍സ് കമ്മിറ്റില്‍ ഇടപെടുമെന്ന് സുധാകരന്‍ ഉറപ്പ് നല്‍കിയെന്നതിലും യുക്തിയില്ല. കാരണം ഈ സംഭവം നടന്നെന്ന് പറയുന്ന കാലത്ത് അദ്ദേഹം എം.പിയല്ല. ഇത്രയും പണം നല്‍കുന്നവര്‍ക്ക് സുധാകരന്‍ എം.പി അല്ലെന്ന് അറിയില്ലായിരുന്നോ? മാത്രമല്ല പബ്ലിക് ഫിനാന്‍സ് കമ്മിറ്റി എന്നൊരു കമ്മിറ്റി പാര്‍ലമെന്റിലില്ല. ഇല്ലാത്ത കേസ് കെട്ടിച്ചമച്ച് കോണ്‍ഗ്രസ് നേതാക്കളെ നിശബ്ദരാക്കി അഴിമതി ആരോപണത്തില്‍ നിന്നും മുങ്ങാമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ പേടിച്ചു പോയെന്ന് പറയാന്‍ പറഞ്ഞത്. സര്‍ക്കാരിനെതിരായ ബാക്കി ആരോപണങ്ങള്‍ പിന്നലെ വരുന്നുണ്ട്. എന്ത് ആരോപണങ്ങള്‍ വന്നാലും മുഖ്യമന്ത്രി മിണ്ടില്ല. മൗനത്തിന്റെ മാളത്തില്‍ ഒളിക്കും. ഇത് ഇരട്ടച്ചങ്കന്‍ വിജയനല്ല, ആകാശവാണി വിജയനാണ്. റേഡിയോയെ പോലെ ഇങ്ങോട്ട് പറയുന്നത് മറ്റുള്ളവര്‍ കേള്‍ക്കണം. ഒരു ചോദ്യത്തിനും ഉത്തരം പറയില്ല.

സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും കെ ഫോണിലും അഴിമതി ക്യാമറയിലും ഊരാളുങ്കലിലുമെല്ലാം വഴികളെല്ലാം അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണ്. ആ പെട്ടി മുഖ്യമന്ത്രിയുടെ വീട്ടിലാണ് ഇരിക്കുന്നത്. ഈ ആരോപണത്തിന് പോലും മറുപടിയില്ല. ഇത്രയും ഗവേഷണം നടത്തി അഴിമതി നടത്തിയതിനുള്ള ഒന്നാം സ്ഥാനം ഈ സര്‍ക്കാരിന് കിട്ടും. 40 ശതമാനം കമ്മീഷന്‍ എന്നായിരുന്നു കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് ആരോപണം. കേരളത്തില്‍ ലൈഫ് മിഷനില്‍ 46 ശതമാനവും കെ ഫോണില്‍ 65 ശതമാനമാണ് കമ്മീഷന്‍. കെ ഫോണില്‍ നിന്നും ഇപ്പോള്‍ 100 കോടിയാണ് അടിച്ച് മാറ്റിയത്. ശിവശങ്കരനെ മുന്നില്‍ നിര്‍ത്തി ആദ്യ അഞ്ച് വര്‍ഷവും പിണറായി വിജയന്‍ ഖജനാവ് കൊള്ളയടിക്കുകയായിരുന്നു. അത് തുടരാമെന്ന് കരുതിയപ്പോഴാണ് രഹസ്യങ്ങളൊക്കെ പുറത്ത് വന്നു തുടങ്ങിയത്. അങ്ങനെയുള്ള ആളാണ് കേസെടുത്ത് പ്രതിപക്ഷത്തെ പേടിപ്പിക്കാന്‍ വരുന്നത്. അത് കയ്യില്‍ വച്ചാല്‍ മതി. പ്രതിപക്ഷത്തിനെതിരെ കേസുകളെ രാഷ്ട്രീയമായും നിയമപരമായും നേരിടും. പിണറായി വിജയന്റെ അഴിമതിക്കെതിരെ നിയമനടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദോഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതില്‍ സമവായം ഉണ്ടെങ്കില്‍ അതിനെ സ്വാഗതം ചെയ്യും. അതല്ലെങ്കില്‍ ആരോഗ്യകരമായ മത്സരം നടക്കട്ടെ. അതിന്റെ പേരില്‍ ചേരിതിരിയാനോ കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാനോ ശ്രമിക്കേണ്ടതില്ല. ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനി അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. ആറ് വര്‍ഷത്തോളമാണ് കത്രിക വയറ്റിനുള്ളില്‍ കിടന്നത്. അത് പുറത്തെടുത്തതിന് ശേഷവും അവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ടു തന്നെ ന്യായമായ നഷ്ടപരിഹാരം നല്‍കി അവരെ സഹായിക്കണം. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയുമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

webdesk14: