കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പൊലീസില്‍ കീഴടങ്ങിയ പ്രതിക്ക് ഫേസ്ബുക്കില്‍ അഭിവാദ്യം. റിമാന്റിലായ ആകാശ് തില്ലങ്കേരിക്ക് വേണ്ടിയാണ് അഭിവാദ്യമര്‍പ്പിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്‍. ആകാശ് നീയും ഞാനും ഒന്നാണ്.. നാം ചെങ്കൊടിയുടെ സന്താനങ്ങള്‍ കൂടപ്പിറപ്പുകള്‍, ലാല്‍ സലാം സഖാവേ എന്നിങ്ങനെയുള്ള പോസ്റ്റുകളാണ് ആകാശിന്റെ ഫേസ്ബുക്ക് പേജിലുള്ളത്. ഇതേസമയം സി.പി.എം നേതൃത്വത്തെ വിമര്‍ശിച്ചും പേജില്‍ ചര്‍ച്ച തുടരുന്നുണ്ട്. ആകാശിനെപ്പോലുള്ള പോരാളികളുടെ പ്രയത്‌നഫലമാണ് ഇന്ന് പല നേതാക്കളും അനുഭവിക്കുന്നതെന്നുള്ള സ്വയം വിമര്‍ശനാത്മകമായ കമന്റുകളെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പാര്‍ട്ടി അനുഭാവികള്‍ രംഗത്തുവരുന്നുണ്ട്.
ആകാശ് തില്ലങ്കേരി സിപിഎമ്മിന്റെ ശക്തനായ സൈബര്‍ പോരാളിയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പരിചിതമായ പേരുകളിലൊന്നാണ് ആകാശ് തില്ലങ്കേരിയുടേത്. സൈബര്‍ ലോകത്ത് പാര്‍ട്ടിക്കുവേണ്ടി പ്രതിരോധം തീര്‍ക്കുന്ന ആകാശ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ വിനീത് തില്ലങ്കേരി 2016 ല്‍ കൊല്ലപ്പെട്ട കേസിലും പ്രതിയാണ്. ഈ കേസില്‍ ഷുഹൈബ് വധകേസുമായി ബന്ധപ്പെട്ട് ആകാശിനൊപ്പം കീഴടങ്ങിയ റിജിന്‍ രാജും പ്രതിയാണ്. ഇതിനിടെ ആകാശിന്റെ നേതൃത്വത്തില്‍ കൊലവിളി നടത്തിക്കൊണ്ടുള്ള പ്രതിഷേധ പ്രകടനത്തിന്റെ ദൃശ്യവും പുറത്തായിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളുടെ ഭാഗമായി ആകാശിന്റെ നേതൃത്വത്തില്‍ കൊലവിളി നടത്തിക്കൊണ്ടുള്ള പ്രകടനത്തിന്റെ ദൃശ്യങ്ങളാണ് പുറത്തായിട്ടുള്ളത്. വിനീഷിനെ കൊന്ന കത്തി അറബി കടലില്‍ എറിഞ്ഞിട്ടില്ലെന്നും തുരുമ്പെടുത്ത് നശിച്ചിട്ടില്ലെന്നും ആകാശ് മുദ്രാവാക്യം മുഴക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പ്രകോപനപരമായ പോസ്റ്റുകള്‍ കൊണ്ട് സജീവമാണ് ആകാശിന്റെ ഫേസ്ബുക്ക് പേജ്. നേരത്തെ ജില്ലയില്‍ നടന്ന സമാധാനയോഗത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രകോപനപരമായി പ്രവര്‍ത്തിക്കുന്ന പേജുകള്‍ നിരീക്ഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമാധാന യോഗ നടപടികള്‍ വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണുണ്ടായത്.