X

കര്‍ണാടക പൊലീസുകാര്‍ പണം തട്ടിയത് കൊച്ചിയിലെ പണമിരട്ടിപ്പ് സംഘത്തില്‍ നിന്ന്; കൊച്ചി ഡി.സി.പി

കൊച്ചി: കളമശ്ശേരിയില്‍ നിന്ന് പിടിയിലായ കര്‍ണാടക പൊലീസില്‍നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തതായി കൊച്ചി ഡി.സി.പി എസ്. ശശിധരന്‍. കര്‍ണാടക സ്വദേശിനിയുടെ പണംതട്ടിയ സംഭവത്തില്‍ കൊച്ചിയിലെ പണമിരട്ടിപ്പ് സംഘത്തിനെ തേടിയെത്തിയതായിരുന്നു കര്‍ണാടക പൊലീസുകാര്‍. 1000 രൂപ തന്നാല്‍ 5 ദിവസം കൊണ്ട് 1030 രൂപ തരാമെന്ന് ഓഫര്‍ ചെയ്ത് കര്‍ണാടക സ്വദേശിനിയുടെ 26 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഈ കേസിലെ പ്രതികളെ സമീപിച്ച് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കര്‍ണാടക പൊലീസ് സംഘത്തിനെതിരായ പരാതിയെന്ന് ഡി.സി.പി എസ്. ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സംഭവത്തെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ: ‘ബന്ധുവിനെ കര്‍ണാടക പൊലീസ് കൊണ്ടുപോയെന്നും കാശ് തന്നാല്‍ വിട്ടയക്കാമെന്ന് പറഞ്ഞുവെന്നും ഒരു സ്ത്രീ ഫോണ്‍ വിളിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. കര്‍ണാടക പൊലീസുകാരുടെ ഫോണ്‍ സംഭാഷണവും ഇവര്‍ പൊലീസിന് കൈമാറി. 25 ലക്ഷം രൂപ തന്നാല്‍ കേസ് ഒഴിവാക്കാമെന്നായിരുന്നു കര്‍ണാടക പൊലീസ് ഇവരോട് പറഞ്ഞത്. ഒടുവില്‍ 10 ലക്ഷം രൂപ തന്നാല്‍ മതിയെന്നായി. പിന്നീട് നാലുലക്ഷം രൂപ വാങ്ങി. ഒരു ചുവന്ന സ്വിഫ്റ്റ് കാറും ഇവര്‍ കൊണ്ടുപോയി. വിവരം കിട്ടിയ ഉടന്‍ കളമശ്ശേരി പൊലീസ്, കര്‍ണാടക പൊലീസ് സംഘത്തെ പിന്തുടര്‍ന്ന് പിടികൂടി. വാഹനത്തില്‍ നിന്ന് 3.95 ലക്ഷം രൂപ കണ്ടെടുത്തു. ഇതിന്റെ ഉറവിടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബംഗളൂരു വൈറ്റ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സി.ഐ അടക്കമുള്ള നാല് പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമവശങ്ങള്‍ പരിശോധിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും’

പ്രതികളായ അഖില്‍ ആന്റണി, നിഖില്‍ എന്നിവരെ പിടികൂടാന്‍ വന്ന സംഘം പ്രതിയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ കസ്റ്റഡിയിലെടുത്ത വിജയ്കുമാര്‍, ശിവണ്ണ, സന്ദേഷ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്. 384, 386, 431,432 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

കര്‍ണാടകയിലെ വൈറ്റ്‌ഫോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷിക്കുന്നതിനായാണ് ഇവര്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് പ്രതികളുമായി മടങ്ങവേയാണ് പ്രതികളുടെ ബന്ധുക്കളുടെ പരാതിയില്‍ കസ്റ്റഡിയിലാകുന്നതും കേസെടുക്കുന്നതും. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക എ.സി.പി സ്ഥലത്തെത്തിയതായി കൊച്ചി ഡി.സി.പി അറിയിച്ചു.

 

webdesk13: