കണ്ണൂര്‍: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന് പ്രഥമ ഉപ്പി സാഹിബ് സ്മാരക അവാര്‍ഡിനായി തിരഞ്ഞെടുത്തു. ആയിരക്കണക്കിന് ഭൂസ്വത്തിനുടമയും ജന്മിയുമായിരുന്നിട്ടും ഏറ്റവും ലളിതജീവിതം നയിച്ചിരുന്ന ഉപ്പിസാഹിബിന്റെയും ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബിന്റെയും പാതയില്‍ സഞ്ചരിച്ച് പൊതുസമൂഹത്തിന് മാതൃകയാവുന്ന ജീവിതം കാഴ്ചവെക്കുന്ന പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ലോകസഭാ അംഗമായിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ ഇന്ത്യന്‍ മുസ്‌ലിംകള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ നിയമനിര്‍മാണ സഭകളിലും നീതിന്യായ സംവിധാനങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രൊഫ. ഖാദര്‍ മൊയ്തീന്‍, കഴിഞ്ഞ കാലങ്ങളില്‍ മതേതര ചേരിയെ ശക്തിപ്പെടുത്തുന്നതിനും മതേതരത്വം ഊട്ടിയുറപ്പിക്കുന്നതിനും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സമാധാനം പുനഃസ്ഥാപിക്കാനും നേതൃത്വം നല്‍കിയതായി എം.സി വടകര, പി.എ റഷീദ്, ടി.സി മുഹമ്മദ്, യു.കെ മുഹമ്മദ്കുഞ്ഞി എന്നിവരടങ്ങിയ ജൂറി വിലയിരുത്തി.
50001 രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാര്‍ഡ് ഇന്ന് കോട്ടയം അങ്ങാടിയില്‍ നടക്കുന്ന ഉപ്പി സാഹിബ് സ്മാരക സൗധം ശിലാസ്ഥാപന ചടങ്ങില്‍ മുസ്‌ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ പി.കെ ഷാഹുല്‍ ഹമീദ്, ഉമര്‍ വിളക്കോട്, യു.വി അഹമ്മദ്കുട്ടി, കെ.എം മഹമൂദ്, കെ.വി മജീദ് സംബന്ധിച്ചു.