വിരുത്തങ്ങളിലൂടെ സത്യത്തിന്റെ വിരുന്നൂട്ടിയ ഇച്ച മസ്താന്‍ ആത്മജ്ഞാനത്തിന്റെ ആഴങ്ങളിലെ മുത്തുകളും ചിപ്പികളും സമ്മാനിച്ച അത്യപൂര്‍വ കാവ്യപ്രതിഭകളിലൊരാളായിരുന്നു. ഹു എന്ന താമരയില്‍ ഹാഹി ധ്വനിത്ത തിരിയായി കത്തിത്തിളങ്ങിയ അദ്ദേഹത്തിന്റെ കാവ്യവിസ്മയങ്ങള്‍ ഫുള്ള് ലാഇലാഹഹൂ മുഹമ്മദുര്‍റസൂലുല്ലാ പാനം ചെയ്യിച്ച് ജ്ഞാനികള്‍ക്ക് ആത്മസാക്ഷാത്കാരത്തിന്റെ മഹോന്നത തലങ്ങള്‍ സമ്മാനിച്ചു.
1871ല്‍ കണ്ണൂര്‍ നഗരത്തിലെ ജുമാമസ്ജിദിനടുത്തുള്ള വെളുത്തകണ്ടി തറവാട്ടിലാണ് അബ്ദുല്‍ഖാദിര്‍ ഇച്ച മസ്താന്‍ ജനിച്ചത്. പാരമ്പര്യമായി ചെമ്പുപാത്രം വിളക്കിച്ചേര്‍ത്ത് വില്‍പ്പന നടത്തുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ധനിക കുടുംബമായിരുന്നു. ഖാദിരിയാ സൂഫി ഗുരുക്കളുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തില്‍ സമൂല മാറ്റങ്ങള്‍ വരുത്തി. നിരന്തരമായ യാത്രകള്‍ അദ്ദേഹത്തിന്റെ ആത്മീയോന്നതിക്കും കാവ്യശില്‍പങ്ങള്‍ക്കും മിഴിവേകി. മഹാ ഗുരുക്കളുമായുള്ള സമ്പര്‍ക്കം ആധ്യാത്മിക പടവുകള്‍ കീഴടക്കാന്‍ സഹായിച്ചു.
ആത്മീയാന്വേഷണങ്ങളിലേക്ക് അധിക പേരെയും നയിക്കുന്ന യാദൃച്ഛികത മസ്താന്റെയും പരിവര്‍ത്തനത്തില്‍ കാണാം. കുടുംബ തൊഴിലായ ചെമ്പു പാത്ര കച്ചവടത്തിനിറങ്ങിയ അദ്ദേഹത്തിനു കുറച്ചു പഴയ ചെമ്പോലകള്‍ ലഭിച്ചു. ചെന്തമിഴിലും അറബിയിലും എഴുതിയ കാവ്യ ശകലങ്ങളായിരുന്നു ആ ചെമ്പോലകളില്‍. കച്ചവടത്തിനു പോകുന്നിടത്തെല്ലാം ആ ചെമ്പോലകള്‍ വായിക്കാനറിയാവുന്നവരെ തേടി. അവസാനം ഒരു സൂഫി അതു വായിച്ചു കേള്‍പ്പിച്ചു. അറബി സാഹിത്യത്തില്‍ തന്നെ ശ്രദ്ധേയ സൂഫി കാവ്യമായ ‘അല്ലഫല്‍ അലിഫ്’ ഉം അതിന്റെ ചെന്തമിഴിലുള്ള അര്‍ത്ഥവുമായിരുന്നു ആ ചെമ്പോലയില്‍. കായല്‍പട്ടണത്തുകാരനായ ശൈഖ് ഉമറുല്‍ ഖാഹിരിയാണ് അല്ലഫല്‍അലിഫിന്റെ രചയിതാവ്. ഖാഹിരിയെ കാണാന്‍ അദ്ദേഹം കായല്‍ പട്ടണത്തേക്ക് പുറപ്പെട്ടു. ഇതോടെ അദ്ദേഹത്തിന്റെ സൂഫി ജീവിതത്തിന്റെ വിസ്മയലോകങ്ങള്‍ തുറക്കപ്പെട്ടു.
ഒ. ആബുവാണ് മലയാള വായനാലോകത്തിന് ഇച്ചയുടെ കാവ്യലോകം പരിചയപ്പെടുത്തിയത്്. ഇച്ചയെ കുറിച്ചും വിരുത്തങ്ങളെ കുറിച്ചും ആദ്യമായി പ്രസിദ്ധീകരിച്ച ആ കൃതി 1953ലാണ് പുറത്തിറങ്ങിയത്. മലനാടിന്റെ ഉമര്‍ഖയ്യാം എന്നാണ് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയായ ആബു സാഹിബ് മസ്താനെ വിശേഷിപ്പിച്ചത്.
ചെമ്പു പാത്രക്കച്ചവടമായി പോയ ഇടങ്ങളിലെല്ലാം അദ്ദേഹം വിരുത്തങ്ങളും പൂ പേച്ചലുകളും കോറിയിടുകയായിരുന്നു. നാട്ടുവഴികളിലൂടെ വിരുത്തങ്ങള്‍ പാടി നടന്ന ഇച്ച മസ്താന്‍ കൊണ്ടോട്ടി, അരീക്കോട്, പെരിന്തല്‍മണ്ണ, മണ്ണാര്‍ക്കാട്, പാലക്കാട് തുടങ്ങി പല ദേശങ്ങളില്‍ ചുറ്റി സഞ്ചരിച്ചു. നാല്‍കവലകളിലും ചുവരുകളിലും പള്ളി മതിലുകളിലും വിരചിതമായ വിരുത്തങ്ങള്‍ പലരും പാടിനടന്നുവന്നു. ഗ്രന്ഥരൂപം ഇച്ചയുടെ കൃതികള്‍ക്ക് കൈവരാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു. ജനകീയനായ ഒരു കവിയുടെ സ്വഭാവമായിരുന്നു ഇച്ചക്കെങ്കിലും അര്‍ഥതലങ്ങളില്‍ അത് മഹാപണ്ഡിതര്‍ക്കു പോലും വ്യാഖ്യാനിക്കാനാവാത്ത ഗഹനമായ തത്വദര്‍ശനങ്ങളായിരുന്നു. ഇച്ചയുടെ വിരുത്തങ്ങള്‍ കേള്‍ക്കാന്‍ പലയിടങ്ങളിലും ജനക്കൂട്ടം അദ്ദേഹത്തോടൊപ്പം നടന്നിരുന്നു. വഴിയരികിലെ പാറകളിലും ചുവരുകളിലും അറബി മലയാളത്തില്‍ കോറിയിട്ട പല വിരുത്തങ്ങളും ജനങ്ങള്‍ പകര്‍ത്തി. പതിനായിരത്തോളം വരികള്‍ ഇച്ചയുടേതായിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. മിക്ക വിരുത്തങ്ങളും ഹിന്ദുസ്ഥാനിയിലെ ദര്‍ബാറി, സിന്ധുഭൈരവി രാഗങ്ങളില്‍ ആലപിക്കാവുന്നവയാണ്.
കവിതയുടെ പ്രമേയം ദൈവിക യാഥാര്‍ഥ്യത്തെ കുറിച്ച അന്വേഷണങ്ങളും വെളിപ്പെട്ടുകിട്ടിയ അറിവുകളുടെ ആവിഷ്‌കാരങ്ങളുമാണ്. പ്രവാചക പ്രകീര്‍ത്തനത്തിന്റെ വരികള്‍ കാണാം. മുഹ്‌യിദ്ദീന്‍ മാലയില്‍ തുടങ്ങി കുഞ്ഞായിന്‍ മുസ്‌ല്യാരിലൂടെ മുന്നോട്ടുപോയ മൈശഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ)വിനെ കുറിച്ചുള്ള മലയാള കാവ്യപാരമ്പര്യത്തിന്റെ തുടര്‍ച്ച മറ്റൊരു തലത്തില്‍ ഇച്ച മസ്താനില്‍ കാണാം. ദീര്‍ഘസ്വഭാവമുള്ള സമ്പൂര്‍ണ്ണ കാവ്യങ്ങളുടെ രീതികളില്‍ നിന്നു മാറി ഒറ്റയിട്ട വരികളിലൂടെ വലിയ വലിയ ദര്‍ശനങ്ങളെ അവതരിപ്പിക്കുകയായിരുന്നു മസ്താന്‍ ചെയ്തത്. കണ്ണൂരിലെ തന്റെ ഗുരു ശൈഖ് മുഹമ്മദ് ബുഖാരി തങ്ങളെ പ്രശംസിച്ചുകൊണ്ടുള്ള അനേകം വരികളും കാണാനാവും. പൂക്കളും മരങ്ങളും പക്ഷികളുമൊക്കെ വിഷയങ്ങളായ പൂപ്പേച്ചലുകള്‍ എന്നറിയപ്പെട്ട നിരവധി കവിതകളും രചിച്ചിരുന്നു.
ബ്രിട്ടീഷുകാര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ ആന്റി ക്വിറ്ററിയില്‍ ഇച്ച മസ്താന്റെ പത്തു വിരുത്തങ്ങള്‍ ചേര്‍ത്തിരുന്നു. 1980 ല്‍ തൃശൂരിലെ ജോസഫ് കൊളത്താടന്‍ ഇറാഖിലെ ബസറ യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിച്ച തിസീസ് ഇച്ചയെക്കുറിച്ചുള്ളതായിരുന്നു. അടുത്ത കാലത്തായി മസ്താന്റെ നിരവധി കവിതകള്‍ പഠനവിധേയമായി. പല സര്‍വകലാശാലകളിലും ഗവേഷണവിഷയമായി. റിയാലിറ്റി ഷോകളിലും മാപ്പിളപ്പാട്ടു വേദികളിലും അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് മികച്ച പ്രതികരണവും വ്യാപക ശ്രദ്ധയുമുണ്ടായി.
ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീമ മിന ബാക്ക് പുള്ളിയും വള്ളിയും ഏകി മദീനാ എന്ന ഗാനം മിക്ക മാപ്പിള ഗാനവേദികളും കീഴടക്കി. പാട്ടിന്റെ എല്ലാ സംഗീത മാധുര്യത്തിനുമൊപ്പം ഗഹനമായ അര്‍ഥതലങ്ങളുള്ള രചനയായിരുന്നു അത്്. സൂഫിപ ഠനങ്ങളുടെ ലോകത്ത് എക്കാലത്തും ശ്രദ്ധേയ സ്ഥാനമുള്ള റാബിയ ബസരിയുടെ മഹദ് വചനങ്ങളെ അനുസ്മരിപ്പിക്കുന്ന അര്‍ഥതലങ്ങളുള്ള വരികള്‍ ഇതില്‍ കാണാം.
മുന്നമേ മുന്നം ഒരു നുഖ്തക്ഷരം മുന്നില് വെച്ച വെടി അത് മിന്നിമിന്നിക്കളിച്ചെണ്ടബു ആദിമില്‍ മീമു മുളച്ചതെടീ.. എന്ന വരി നോക്കുക. എത്ര മനോഹരമായാണ് അതിന്റെ ആവിഷ്‌കാരം. എന്നാല്‍ ആത്മജ്ഞാനികള്‍ ഏറെ പണിപ്പെട്ട് മനുഷ്യമനസ്സുകളെ പാകപ്പെടുത്തി കൈമാറുന്ന ജ്ഞാന ധാരയെ വളരെ സുന്ദരമായി പകര്‍ത്തുകയാണ് ആ വരികളില്‍. മനുഷ്യ കുലത്തിന്റെ ആരംഭമായ ആദമിലും ഇതര പ്രവാചകന്മാരിലും എങ്ങനെ മുഹമ്മദീയ യാഥാര്‍ഥ്യം നിലകൊള്ളുന്നുവെന്നാണ് അദ്ദേഹം വരച്ചിട്ടത്. കന്നമില്ലാ സ്വിഫതെണ്ട ജബ്ഹിലെ കത്തിമറിന്ദേ കൊടി അത് കാരുണ നൂറ് മുഹമ്മദിയാ എന്ന് പേരു വിളിച്ചതെടീ..എന്നു കൂടി ചേര്‍ക്കുമ്പോള്‍ ആത്മജ്ഞാനികളുടെ ഹൃദയങ്ങള്‍ പ്രകാശപ്രസരത്തില്‍ വിജൃംഭിതമാവും.
മനുഷ്യന്റെ ആന്തരിക രഹസ്യങ്ങളിലൂടെ കവി വാക്കുകള്‍ കൊണ്ടു നമ്മെ കൂട്ടിക്കൊണ്ടുപോവുന്നു. അഹദെന്ന സിര്‍റലിഫില്‍ മീമാല്‍ വിതച്ച വിള ഇന്‍സാലെന്നാലും വെളിവായ് അസ്‌റാറിയത്തുറുദി ഫസ്്‌ലാലും ഹംദുടമ വസ്്്‌ലാല്‍ ചമഞ്ഞ അലമാ.. എന്നു മസ്്താന്‍ പാടുമ്പോള്‍ ജ്ഞാനപ്രേമികളുടെ ഹൃദയങ്ങള്‍ പൂത്തുലയുന്നു.
അറബി അക്ഷരമാലയുടെ ജ്ഞാനപ്പൊരുളുകള്‍ മനോഹരമായ മലയാളത്തില്‍ ഇച്ച മസ്താന്‍ നമുക്കായി ആവിഷ്‌കരിച്ചു. മീമ് മീമായ മീമില്‍ മിഅ്‌റാജെടീ മീമ് ലാമലിഫില്‍ മിഫ്താഹ് നൂനാണെടീ… ജീമ് സ്വാദോടു ദാലും ഹയാതാണെടീ എന്നു പാടുമ്പോള്‍ അതിന്റെ ദാര്‍ശനിക തലങ്ങളറിയാന്‍ അറബിയിലെയും പേര്‍ഷ്യനിലെയും ആത്മജ്ഞാനഗ്രന്ഥങ്ങളിലേക്കോ സൂഫിഗുരുക്കളിലേക്കോ ചെന്നെത്തേണ്ടി വരുന്നു.
വേദാന്തത്തിലെ പൊരുളുകളെ സൂഫിഭാഷയില്‍ കാട്ടിത്തരുന്ന വരികള്‍ മസ്താനിലൂടെ കാണാനാകും. ഇതര മതങ്ങളുടെ ബിംബ കല്‍പനകളുടെ യാഥാര്‍ഥ്യത്തിലേക്ക് അദ്ദേഹം മനുഷ്യനെ കൊണ്ടുപോയതിനാല്‍ അത് മറ്റു മതസമൂഹങ്ങള്‍ക്കും അവ ഉപകാരപ്രദമായി. ഹു എന്ന താമരയില്‍ ഹാഹി ധ്വനിത്ത തിരി, ലെങ്കീത്തൊന്നിന്റെ ശിവനാ, ഹാ ഹി ഹുദം അലിഫില്‍, ഖുദ്‌റത്ത് ലാമലിഫില്‍ ഒട്ടിപ്പടുത്ത ബദനാ, ഒന്നായ നാലു നില ഒരുമിച്ചെടുത്തവരില്‍ ഒന്നായ തന്റെ തനിമ, ഓങ്കാര ചക്രമലര്‍ ഹു ഹു കുളമ്പടികള്‍ ഒന്നൊന്നിനുള്ള ധനമാ എന്നു മസ്താന്‍ പാടുമ്പോള്‍ അതിന് വ്യാഖ്യാനങ്ങള്‍ അസാധ്യമാവുന്നു.
1933ലാണ് ഇച്ച മസ്താന്‍ ഈ ലോകത്തോടു വിടപറഞ്ഞതെന്നു ഒ. ആബു സാഹിബ് രേഖപ്പെടുത്തിയിരിക്കുന്നു.
- 8 years ago
chandrika
Categories:
Video Stories