ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷഐഡിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. ‘നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ദശലക്ഷക്കണക്കിന് ആളുകള്‍ സേവനദാതാക്കളുമായി ആധാര്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. കുതിരപോയ ശേഷം ലായം അടക്കുന്നത് പോലെയാണ് പുതിയ സുരക്ഷാ സംവിധാനം’ ചിദംബരം പറഞ്ഞു.
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ യുഐഡിഎഐ പുതുതായി കൊണ്ടുവന്ന സുരക്ഷാ ഐഡിക്കെതിരെയാണ് ചിദംബരം രംഗത്തെത്തിയത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളും ബാങ്കുകളും മൊബൈല്‍ സേവനദാതാക്കളുമായി ഇതിനോടകം തന്നെ ആളുകള്‍ ആധാര്‍ നമ്പറുകള്‍ പങ്കിട്ട സാഹചര്യത്തില്‍ നിരര്‍ത്ഥകമായൊരു ശ്രമമാണ് സുരക്ഷാ ഐഡികള്‍ എന്നാണ് പി.ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
ഈ മാസമാദ്യമാണ് ആധാര്‍ വിവരങ്ങള്‍ വാട്‌സ്ആപ്പ് വഴി ആധാര്‍ വിവരങ്ങള്‍ വില്‍ക്കപ്പെടുന്നതായി ‘ദ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ടിന് പിന്നാലെ ബയോമെട്രിക് വിവരങ്ങള്‍ ചോരുന്നു എന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് യുഐഡിഎഐ തന്നെ മുന്നോട്ടുവരികയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ് എടുക്കുകയും ചെയ്യുകയുണ്ടായി.
ബുധനാഴ്ച പുറത്തുവിട്ട മറ്റൊരു വിജ്ഞാപനത്തിലാണ് പൗരന്റെ ബയോമെട്രിക് വിവരങ്ങള്‍ സുരക്ഷിതമാണ് എന്നുറപ്പ് വരുത്താന്‍ പുതിയ സുരക്ഷാ ഐഡി സംവിധാനം ആവിഷ്‌കരിക്കുന്നതായി യുഐഡിഎഐ അറിയിച്ചത്.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ക്കിടെ പ്രശ്‌ന പരിഹാരത്തിന് താല്‍കാലിക തിരിച്ചറിയല്‍ നമ്പറുമായാണ് സവിശേഷ ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) രംഗത്ത് വന്നത്. വിവിധ സേവനങ്ങളുടെ ഭാഗമായ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ആധാര്‍ നമ്പറിനു പകരം ഈ താല്‍ക്കാലിക നമ്പര്‍ നല്‍കിയാല്‍ മതി. ആധാര്‍ നമ്പര്‍ 12 അക്കമായിരുന്നെങ്കില്‍ താല്‍ക്കാലിക തിരിച്ചറിയല്‍ നമ്പറിന് 16 അക്കമാണ് ഉണ്ടാവുക.
ആധാറിന്റെ വെബ്‌സൈറ്റില്‍ കയറിയാല്‍ ആധാര്‍ കാര്‍ഡ് ഉള്ള ആര്‍ക്കും ഈ നമ്പര്‍ സ്വന്തമാക്കാം. പേര്, വിലാസം, ഫോട്ടോഗ്രാഫ് എന്നിവയടക്കമുള്ള അടിസ്ഥാന ബയോമെട്രിക് വിവരങ്ങളും ഈ നമ്പറില്‍ ലഭ്യമാകും. നിശ്ചിതസമയത്തേക്ക് മാത്രമാണ് ഈ നമ്പറിന്റെ സാധുത. ഈ സമയകാലയളവിനുള്ള ആവശ്യമെങ്കില്‍ പുതിയ താല്‍ക്കാലിക നമ്പറിലേക്ക് മാറാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ആദ്യത്തെ നമ്പര്‍ അസാധുവാകും.
മാര്‍ച്ച് ഒന്നു മുതലാണ് ഈ സംവിധാനം നിലവില്‍ വരിക. എല്ലാ ഏജന്‍സികളും തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഈ നമ്പര്‍ അവരുടെ സേവനങ്ങളുടെ ഭാഗമായി സാക്ഷ്യപ്പെടുത്തലിന് നിര്‍ബന്ധമാക്കും. നിശ്ചയിച്ച കാലയളവിനുള്ളില്‍ ഈ സംവിധാനത്തിലേക്ക് മാറാത്ത ഏജന്‍സികള്‍ക്കുമേല്‍ പിഴ ചുമത്തുമെന്നും യു.ഐ.ഡി.എ.ഐ സര്‍ക്കുലറില്‍ പറയുന്നു