ആധാര്‍ അപ്‌ഡേഷനില്‍ ദേശീയതലത്തില്‍ മലപ്പുറം ജില്ല ഒന്നാമത്. 2022 സെപ്റ്റംബര്‍ മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള ആധാര്‍ വിവരച്ചേര്‍ക്കലിലാണ് മലപ്പുറം ഒന്നാമതെത്തിയത്. യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ(യു.ഐ.ഡി.എ.ഐ) കണക്ക് പ്രകാരം അപ്‌ഡേഷന്‍ കാര്യത്തില്‍ മുന്‍നിരയിലുള്ള 20 ജില്ലകളുടെ പട്ടികയില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളുമുണ്ട്.
എറണാകുളമാണ് രണ്ടാമത്. കണ്ണൂര്‍ മൂന്നാമതും. 2023 സെപ്റ്റംബറിലെ മാത്രം കണക്കിലും ദേശീയതലത്തില്‍ മലപ്പുറം ഒന്നാമതാണ്. അതേസമയം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വ്യത്യാസമുണ്ട്. കണ്ണൂര്‍ രണ്ടാമതും എറണാകുളം മൂന്നാമതും.
പത്ത് വര്‍ഷം കഴിഞ്ഞവരുടെ ആധാറിലെ വിവരങ്ങള്‍ പുതുക്കുന്നതിന് യു.ഐ.ഡി.എ.ഐ രാജ്യവ്യാപകമായി 2022 സെപ്റ്റംബര്‍ മുതലാണ് ആധാര്‍ അപ്‌ഡേഷന്‍ യജ്ഞം ആരംഭിച്ചത്. ആധാറിലുള്ള പേരും വിലാസവും തെളിയിക്കുന്ന രണ്ട് രേഖകള്‍ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യുകയാണ് വേണ്ടത്. സംസ്ഥാനത്ത് ഐ.ടി മിഷന്റെ നേതൃത്വത്തില്‍ വിപുല പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഒരുക്കിയിരുന്നു. ഇതാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ മുന്നേറ്റത്തിന് കാരണം.