X
    Categories: MoreViews

ആധാര്‍: സ്‌റ്റേയില്ല

 

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേയില്ല. അതേസമയം ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ നീട്ടുന്നതായി സുപ്രീംകോടതി അറിയിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള 28 റിട്ട് ഹര്‍ജികളിന്മേല്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധിയിലാണ് ഇക്കാര്യം പറയുന്നത്.
ആധാറിന്റെ നിയമസാധുത സംബന്ധിച്ച കേസില്‍ അന്തിമ തീര്‍പ്പ് വരും വരെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളിയത്. പുതുതായി ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നവര്‍ക്ക് ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന് മാര്‍ച്ച് 31 വരെ സമയം നല്‍കണമെന്ന ആവശ്യവും കോടതി നിരസിച്ചു. നിലവില്‍ ആധാര്‍ ഉള്ളവര്‍ അത് നല്‍കി മാത്രമേ പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കാവൂ. ആധാര്‍ ഇല്ലാത്തവര്‍ക്ക് അതില്ലാതെ പുതിയ ബാങ്ക് അക്കൗണ്ട് ആരംഭിക്കാമെങ്കിലും മാര്‍ച്ച് 31ന് മുമ്പ് ആധാര്‍ സ്വന്തമാക്കി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ആധാര്‍ എന്റോള്‍ ചെയ്തവര്‍ തല്‍ക്കാലത്തേക്ക് എന്റോള്‍മെന്റ് നമ്പര്‍ നല്‍കണം. അല്ലാത്തവര്‍ എന്‍ റോള്‍ ചെയ്യുന്ന മുറക്ക് എന്റോള്‍മെന്റ് നമ്പര്‍ ബാങ്കില്‍ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. ആധാര്‍ കേസിലെ വിശദമായ വാദംകേള്‍ക്കല്‍ 2018 ജനുവരി 17ന് പുനരാരംഭിക്കുമെന്നും കോടതി പറഞ്ഞു. നിയമ സാധുത സംബന്ധിച്ച വിഷയത്തിലേക്കോ, സ്വകാര്യതയും മൗലികാവകാശവും ലംഘിക്കുന്നതാണെന്ന വിഷയത്തിലേക്കോ കോടതി ഇന്നലെ കടന്നില്ല.
ആധാറിന്റെ നിയമസാധുത സംബന്ധിച്ച തര്‍ക്കത്തില്‍ എത്രയും വേഗത്തില്‍ വ്യക്തത വരേണ്ടത് പൗരന്റെയും സര്‍ക്കാറിന്റെയും ആവശ്യമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്വകാര്യത മൗലികാവകാശമാണെന്ന ഓഗസ്റ്റ് 24ലെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ആധാറിന്റെ നിയമസാധുത സംബന്ധിച്ച കേസില്‍ നിര്‍ണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൊബൈല്‍ നമ്പര്‍
ബന്ധിപ്പിക്കാനും
മാര്‍ച്ച് 31 വരെ സമയം
മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധിയും 2018 മാര്‍ച്ച് 31വരെ നീട്ടി. 2018 ഫെബ്രുവരി ആറ് ആണ് നേരത്തെ നിശ്ചയിച്ചിരുന്ന സമയം. പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും നിലവിലുള്ള കണക്ഷന്‍ തുടരുന്നതിനും കെ.വൈ.സി(ഉപഭോക്താവിനെ അറിയുക) ചട്ടം ബാധകമാണെന്നും കോടതി വ്യക്തമാക്കി.
139 സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ആധാര്‍ ആക്ടിലെ ഏഴാം വകുപ്പ് പ്രകാരമുള്ള സബ്‌സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി 2018 മാര്‍ച്ച് 31വരെ ദീര്‍ഘിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യം അംഗീകരിച്ച കോടതി, ഇടക്കാല വിധിയില്‍ ഇത് ഉള്‍പ്പെടുത്തി. ഇതോടെ ജുഡീഷ്യല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു.
സമയപരിധി ദീര്‍ഘിപ്പിച്ച കാര്യം സംസ്ഥാന സര്‍ക്കാറുകളെ അറിയിക്കണമെന്നും സംസ്ഥാന സര്‍ക്കാറുകള്‍ ഇക്കാര്യം താഴെ തട്ടില്‍ വരെ എത്തിക്കണമെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചു. മാര്‍ച്ച് 31 വരെ ആധാര്‍ ഇല്ലെന്ന കാരണത്താല്‍ ഒരു പൗരനും സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടേയോ സബ്‌സിഡികളുടേയോ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
ബിനോയ് വിശ്വം കേസില്‍ 139എ.എ വകുപ്പ് സംബന്ധിച്ച് സുപ്രീംകോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് തുടര്‍ന്നും നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. നിലവിലെ ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായ ജസ്റ്റിസ് എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരും ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറും ഉള്‍പ്പെട്ട ബെഞ്ചാണ് സി.പി.ഐ നേതാവ് ബിനോയ് വിശ്വം പരാതിക്കാരനായ കേസില്‍ വിധി പറഞ്ഞത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ആദായ നികുതി നിയമത്തിലെ 139 എ.എ വകുപ്പ്, ഭരണഘടനയുടെ 14ാം വകുപ്പ് (മത, ജാതി, വര്‍ഗ, വര്‍ണ, ഭാഷാ, ലിംഗ വിവേചനമില്ലാതെ നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്ന) ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാവരുതെന്നായിരുന്നു മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ്.
നേരത്തെ നിശ്ചയിച്ച ഡിസംബര്‍ 31 സമയപരിധി ഒഴിവാക്കുന്നതിനായി കള്ളപ്പണം തടയല്‍ നിയമത്തിലെ ചട്ടം 9 (17) എ, 9 (17) സി വകുപ്പുകളില്‍ ഭേദഗതി വരുത്തി കേന്ദ്ര ധനമന്ത്രാലയം ഉത്തരവ് പുറത്തിറക്കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

chandrika: