X

ആധാറും പാന്‍കാര്‍ഡും ലിങ്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം

ന്യൂഡല്‍ഹി: ആധാര്‍ നമ്പറുകള്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ആദായ നികുതി വകുപ്പ് പുതിയ സംവിധാനം ഏര്‍പ്പെടുത്തി. https://incometaxindiaefiling.gov.in എന്ന വെബ്‌സൈറ്റില്‍ ഹോംപേജില്‍ നിന്നുള്ള ‘ലിങ്ക് ആധാര്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഈ സേവനം ലഭ്യമാവും. ഇതിന് പ്രത്യേകമായി ലോഗിന്‍ ചെയ്യേണ്ട ആവശ്യമില്ല. ലിങ്ക് തുറന്ന് വരുമ്പോള്‍ ഉപഭോക്താവ് പാന്‍ നമ്പറും ആധാര്‍ കാര്‍ഡ് നമ്പറും ആധാറില്‍ നല്‍കിയിരിക്കുന്ന പേരും അതാത് കോളങ്ങളില്‍ നല്‍കണം. തുടര്‍ന്ന് യു.ഐ.ഡിയില്‍ നിന്ന് ഒരു സന്ദേശം ലഭിക്കുന്നതോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവും. ആധാര്‍ കാര്‍ഡിലെ പേര് തെറ്റായി നല്‍കിയാല്‍, പിന്നെ ചെയ്യുന്നതിന് ഒ.ടി.പി(വണ്‍ ടൈം പാസ് വേഡ്) വേണ്ടി വരും. ഇത് ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്കോ ഇ-മെയില്‍ വിലാസത്തിലേക്കോ അയച്ചു നല്‍കും. ആധാര്‍ കാര്‍ഡിലേയും പാന്‍ കാര്‍ഡിലേയും ജനന തീയതികള്‍ ഒന്നാണെന്ന് ഉറപ്പു വരുത്തണമെന്നും ഐ.ടി വകുപ്പ് അറിയിച്ചു. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി നേരത്തെ ആദായ നികുതി വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുന്നതിന് പുതിയ ലിങ്ക് തുടങ്ങിയത്.

chandrika: