ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാരുടെ ആധാര്‍ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ ചോര്‍ത്തി. ആധാര്‍ വിവര ശേഖരണത്തിനായി അമേരിക്കന്‍ കമ്പനിയില്‍നിന്ന് ഇന്ത്യ വാങ്ങിയ സാങ്കേതിക ഉപകരണങ്ങളുടെ സോഫ്റ്റ് വെയര്‍ ഹാക്ക് ചെയ്താണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് വിവരം. രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ടതിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ വിക്കിലീക്‌സിന്റേതാണ് വെളിപ്പെടുത്തല്‍.
സ്വകാര്യതയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ ആധാര്‍ വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ച് ദിവസങ്ങള്‍ക്കകമാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്ത പുറത്തുവന്നത്. അതേസമയം ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന വാദം കേന്ദ്ര സര്‍ക്കാര്‍ തള്ളി. വിവരങ്ങള്‍ സുരക്ഷിതമാണെന്നും പുറത്തുനിന്നുള്ള ആര്‍ക്കും ഇത് ശേഖരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ വാദം.
ട്വിറ്റര്‍ വഴിയാണ് വിക്കിലീക്‌സ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്. സി.ഐ.എയുമായി ബന്ധപ്പെട്ട നിരവധി രഹസ്യങ്ങള്‍ വിക്കിലീക്‌സ് നേരത്തെയും പുറത്തുവിട്ടിരുന്നു. ആധാര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് വിക്കിലീക്‌സ് നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.
ആധാര്‍ വിവര ശേഖരണത്തിന്റെ ഭാഗമായി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ക്രോസ് മാച്ച് ടെക്‌നോളജീസ് വികസിപ്പിച്ച ഉപകരണങ്ങളാണ് ഇന്ത്യ വാങ്ങിയിരുന്നത്. കുറ്റാന്വേഷണ ഏജന്‍സികള്‍, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവക്ക് സഹായകമാകുന്ന തരത്തിലുള്ള ബയോ മെട്രിക് സോഫ്റ്റ് വെയര്‍ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള കമ്പനിയാണ് ക്രോസ് മാച്ച്.
ഫിംഗര്‍ പ്രിന്റ്(വിരലടയാളം), ഐറിസ് സ്‌കാനര്‍ (കണ്ണിന്റെ കൃഷ്ണമണിയുടെ ചിത്രം) എന്നിവ പകര്‍ത്തുന്ന ഉപകരണങ്ങളാണ് ഇന്ത്യ ഈ കമ്പനിയില്‍നിന്ന് വാങ്ങിയത്. 2011ലാണ് ഇതിനായി യു.ഐ.ഡി.എ.ഐയും അമേരിക്കന്‍ കമ്പനിയും കരാര്‍ ഒപ്പിട്ടത്. സി.ഐ.എക്കു കീഴിലെ ഓഫീസ് ഓഫ് ടെക്‌നിക്കല്‍ സര്‍വീസ് (ഒ.ടി.എസ്) വിഭാഗവും നേരത്തെ ബയോ മെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന ഉപകരണങ്ങള്‍ ഇതേ കമ്പനിയില്‍നിന്ന് വാങ്ങിയിരുന്നു. അബോട്ടാബാദ് ഓപ്പറേഷനില്‍ ഉസാമ ബിന്‍ലാദന്‍ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ സി.ഐ.എ ഉപയോഗിച്ചത് ഈ സോഫ്റ്റ്‌വെയര്‍ ആയിരുന്നു. സമാന സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രഹസ്യ സൈറ്റുകളെ
ഇതുവഴി ഒ.ടി.എസ് ഏജന്റുമാര്‍ക്ക് നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.