X

ആധാര്‍ വഴി രാജ്യം ലാഭിച്ചത് 9000 കോടി: നന്ദന്‍ നീലേകനി

വാഷിങ്ടണ്‍: യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ കാര്‍ഡ് കൊണ്ട് രാജ്യത്തിന് വലിയ നേട്ടമുണ്ടാക്കിയെന്ന് ആധാറിന്റെ ഉപജ്ഞാതാവ് നന്ദന്‍ നീലേകനി. നൂറുകോടിയിലേറെ ആളുകള്‍ ആധാര്‍ കാര്‍ഡ് എടുത്തുകഴിഞ്ഞെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതോടെ തട്ടിപ്പ് വലിയ തോതില്‍ കുറഞ്ഞതായും നിലേകനി വ്യക്തമാക്കി. വാഷിങ്ടണില്‍ ലോകബാങ്കിന്റെ നേതൃത്വത്തില്‍ നടന്ന ‘ഡിജിറ്റല്‍ ഇക്കോണമി ഫോര്‍ ഡെവലപ്‌മെന്റ്’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു നീലേകനി.

ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നത് അവസാനിപ്പിക്കാന്‍ ആധാര്‍ മൂലം കഴിഞ്ഞു. അങ്ങനെ 9000 കോടി രൂപയാണ് രാജ്യത്തിന് ലാഭിക്കാനായത്. ഇതുവഴി 50 ലക്ഷം പേരെയെങ്കിലും ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ബന്ധപ്പെടുത്താനും സാധിച്ചു. ഇതുവഴി സബ്സിഡിയും ക്ഷേമപെന്‍ഷനും അര്‍ഹമായരുടെ അക്കൗണ്ടുകളില്‍ എത്തിച്ചു. ഇതുവരെ സര്‍ക്കാര്‍ 1200 കോടി ഡോളറാണ് ഇലക്ട്രോണിക് ഇടപാടു വഴി അഹരായവരുടെ അക്കൗണ്ടുകളില്‍ എത്തിച്ചത്-അദ്ദേഹം ചൂണ്ടിക്കാട്ടി.

യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ആധാര്‍ കാര്‍ഡ് കൊണ്ടുവന്നതെങ്കിലും തുടര്‍ന്ന് വന്ന സര്‍ക്കാര്‍ അത് വിജയകമായി നടപ്പാക്കിയെന്നും ഇന്‍ഫോസിസ് മുന്‍ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ കൂടിയായ നിലേകനി പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ പണ വിനിമയ സംവിധാനമാണിതെന്നും ഈ 62 കാരനായ നിലേകനി ചൂണ്ടിക്കാട്ടി.

chandrika: