ന്യൂഡല്‍ഹി: ആധാര്‍ രേഖകള്‍ ജൂണ്‍ 14 വരെ ഓണ്‍ലൈനില്‍ സൗജന്യമായി പുതുക്കാമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. ഈ സേവനം മൈ ആധാര്‍ പോര്‍ട്ടലില്‍ മാത്രമാണ് സൗജന്യം. നേരത്തെ മൈ ആധാര്‍ പോര്‍ട്ടലിലൂടെ രേഖകള്‍ പുതുക്കുന്നതിനായി 25 രൂപ നല്‍കണമായിരുന്നു.
അതേസമയം ആധാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള നേരിട്ടുള്ള സേവനങ്ങള്‍ക്ക് 50 രൂപ ഫീസ് ഈടാക്കുന്നത് തുടരുമെന്നും യുഐഡിഎഐ വ്യക്തമാക്കുന്നു. ആധാര്‍ എന്റോള്‍മെന്റ് ആന്‍ഡ് അപ്‌ഡേറ്റ് റെഗുലേഷന്‍സ് 2016, പ്രകാരം ആധാര്‍ എടുത്ത തീയതി മുതല്‍ ഓരോ 10 വര്‍ഷം കൂടുമ്പോഴും ആധാര്‍ രേഖകള്‍ പുതുക്കണം. തിരിച്ചറിയല്‍ രേഖകളും മേല്‍വിലാസവും സമര്‍പ്പിച്ച് കുറഞ്ഞത് ഒരു തവണയെങ്കിലും അനുബന്ധ രേഖകള്‍ പുതുക്കിയിരിക്കണം.