ന്യൂഡല്‍ഹി: ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് ബി.ജെ.പി എം.പി സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. ആധാര്‍ നിര്‍ബന്ധമാക്കുന്നത് രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ സ്വാമി സര്‍ക്കാറിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നും പറഞ്ഞു. സുപ്രീംകോടതി ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി റദ്ദാക്കുമെന്ന് തനിക്കുറപ്പാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആധാര്‍ സംബന്ധിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കുന്നതിനായി സുപ്രീംകോടതി ഭരണഘടന ബെഞ്ചിനെ നിശ്ചയിച്ചതിനു പിന്നാലെയാണ് ബി.ജെ.പിയില്‍ നിന്നു തന്നെ ആധാറിനെതിരെ വിമര്‍ശനമുയരുന്നത്.
മുമ്പും സ്വാമി ആധാറിനെതിരെ രംഗത്തെത്തിയിരുന്നു. വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും അമേരിക്കന്‍ കമ്പനിയുടെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ആധാര്‍ വിവരശേഖരണം സുരക്ഷിതമല്ലെന്നും സ്വാമി ആരോപിച്ചിരുന്നു. ആധാറിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി നവംബര്‍ അവസാന വാരം വാദം കേള്‍ക്കും. ആധാര്‍ സംബന്ധിച്ച് വാദം കേള്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്നും ഇക്കാര്യത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നും കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിരുന്നു.
ആധാര്‍ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നുവെന്നും ആരോപിച്ച് നിരവധി പരാതികളാണ് കോടതിയില്‍ നിലനില്‍ക്കുന്നത്. സ്വകാര്യത മൗലികാവകാശമാണെന്ന് ഈയിടെ സുപ്രീം കോടതിയുടെ ഒമ്പതംഗ ബെഞ്ച് വിധിച്ചിരുന്നു.