X
    Categories: keralaNews

ആംബുലന്‍സിനെ കണ്ട് വാഹനങ്ങള്‍ വെട്ടിക്കുന്നത് അപകടം കൂട്ടുന്നു

ആംബുലന്‍സുകളെ കണ്ടാല്‍ നിലവിലെ ട്രാക്കില്‍നിന്ന് മറ്റുവാഹനങ്ങള്‍ വെട്ടിച്ചുമാറ്റുന്നത് അപകടം വരുത്തുന്നു. ഇന്ന് തൃശൂരില്‍ സംഭവിച്ചതും അതാണ്. വലതുഭാഗത്തെ സ്പീഡ് ട്രാക്കിലൂടെ വരികയായിരുന്ന ഓട്ടോറിക്ഷ പൊടുന്നനെ ഇടതുട്രാക്കിലേക്ക് വെട്ടിച്ചതിനെതുടര്‍ന്ന് ആംബുലന്‍സ് ഡ്രൈവര്‍ വലതുഭഗത്തേക്ക് വെട്ടിച്ചെങ്കിലും ഓട്ടോ വീണ്ടും വലതുഭാഗത്തേക്ക് വരികയായിരുന്നു. ആംബുലന്‍സ് അമിതവേഗത്തിലായിരുന്നതിനാല്‍ ഇതിനിടെ വാഹനത്തെ രക്ഷപ്പെടുത്താന്‍ ഓട്ടോ ഡ്രൈവര്‍ക്ക് കഴിഞ്ഞില്ല. സംഭവത്തില്‍ ഓട്ടോ തകര്‍ന്ന് ഡ്രൈവര്‍ മരിക്കുകയായിരുന്നു.
ഇത്തരം സംഭവങ്ങള്‍ പതിവാണെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നത്. റോഡിന്റെ വലതു ട്രാക്കിലൂടെ പോകുന്ന വാഹനങ്ങള്‍ മാറാന്‍ സമയമെടുക്കുന്നതാണ് മിക്ക ആംബുലന്‍സ് അപകടങ്ങള്‍ക്കും കാരണം. അതല്ലെങ്കില്‍ പോകുന്ന ട്രാക്കില്‍തന്നെ തുടരുകയാണ് അപകടം ഇല്ലാതാക്കാന്‍ നല്ലത്.
നേരത്തെതന്നെ അലാറം മുഴക്കിയും ഓണടിച്ചും പോകുന്നെങ്കിലും വലതുഭാഗത്തെ പ്രീഡ് ട്രാക്കില്‍നിന്ന് മാറാന്‍ മിക്ക മറ്റുവാഹനക്കാരും കൂട്ടാക്കില്ല. ആംബുലന്‍സ് അടുത്തെത്തിയ ശേഷമാകും മാറുക. ഇതിനിടെ ആംബുലന്‍സ് വെട്ടിച്ച് മറ്റേട്രാക്കിലേക്ക് മാറിക്കഴിഞ്ഞിരിക്കും. നേരത്തെതന്നെ ട്രാക്ക് മാറിയാല്‍ ഈ അപകടം ഒഴിവാക്കാനാകുമെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു. ട്രാക്ക് പൊടുന്നനെ മാറുന്നത് ആംബുലന്‍സ് ഡ്രൈവര്‍ പ്രതീക്ഷിക്കുന്നില്ല. ചിലര്‍ മന:പൂര്‍വം ട്രാക്ക് വിട്ടൊഴിഞ്ഞുതരാതിരിക്കുന്ന സംഭവങ്ങളുമുണ്ട്. ആംബുലന്‍സുകളെ പിന്തുടരുന്ന സംഭവങ്ങളും ആവര്‍ത്തിക്കപ്പെടുന്നുണ്ടെന്ന് അവര്‍ പറയുന്നു. ദേശീയപാതകളിലും മറ്റും വലതുഭാഗം ആംബുലന്‍സുകള്‍ക്കായി വിട്ടുകൊടുക്കാന്‍ മറ്റു വാഹനക്കാര്‍ ശ്രദ്ധിക്കുകയും അത് ശബ്ദം കേട്ടയുടനെയും ആയാല്‍ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനാകും.

Chandrika Web: