മലപ്പുറം: കേരള മുസ്‌ലിം സമൂഹത്തിന് ആത്മീയമായും രാഷ്ട്രീയമായും നേതൃത്വം നല്‍കിയ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ ആദ്യ ആണ്ട് ദിനത്തില്‍ പ്രാര്‍ത്ഥനയോടെ പാണക്കാട്. ഹൈദരലി ശിഹാബ് തങ്ങളുടെ ലാളനയും സ്‌നേഹവും ഏറ്റുവാങ്ങിയ വലിയൊരു ജനവിഭാഗത്തിന്റെ പ്രതിനിധികളായി നൂറുകണക്കിന് ആളുകളാണ് ഇന്നലെ പാണക്കാട് ദാറുന്നഈമിലും പാണക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലുമായി തടിച്ചൂകൂടിയത്.
ഹിജ്റ വര്‍ഷപ്രകാരം ശഅ്ബാന്‍ രണ്ടിനാണ് ഹൈദരലി ശിഹാബ് തങ്ങള്‍ നമ്മളില്‍ നിന്നും മണ്‍മറഞ്ഞത്. മുസ്‌ലിം കൈരളി ഒന്നടങ്കം തേങ്ങിയ ആ ദിനങ്ങള്‍ക്ക് ഒരാണ്ട് തികയുകയായിരുന്നു ഇന്നലെ. രാവിലെ പത്തരയോടെ പാണക്കാട്ട് ജുമാമസ്ദിജ് ഖബര്‍സ്ഥാനിലെ സാദത്തുക്കളുടെ മഖ്ബറയില്‍ നടന്ന സിയാറത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ പ്രത്യേക പ്രാര്‍ത്ഥന സദസ്സ് ഒരുക്കി. പ്രാരംഭ പ്രാര്‍ത്ഥനക്കു സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി.
തുടര്‍ന്ന് ഖുര്‍ആന്‍-മൗലിദ് പാരായണം, ഹൈദരലി തങ്ങളുടെ പേരിലുള്ള പ്രത്യേക മൗലിദ് പാരായണം, തഹ്ലീല്‍, കൂട്ടുപ്രാര്‍ത്ഥന എന്നിവ നടന്നു. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍. എ, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ്സമദാനി എം.പി, കെ.പി.എ മജീദ്, പി അബ്ദുല്‍ഹമീദ്, കെ.കെ ആബിദ്ഹുസൈന്‍, ജമലുല്ലൈലി മുഹമ്മദ് കോയതങ്ങള്‍,അബ്ദുല്‍ ഖയ്യൂം തങ്ങള്‍, നാസര്‍ ഹയ്യ് തങ്ങള്‍ ഉള്‍പ്പെടെ മതരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. നിരവദി സാദാത്തുക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പാണക്കാട് മഖാം ഉറൂസിനും ഇതോടനുബന്ധിച്ച് തുടക്കമായി. മാര്‍ച്ച് രണ്ടു വരെ നീണ്ടു നില്‍ക്കുന്ന മഖാം ഉറൂസിന്റെ കൊടി ഉയര്‍ത്തല്‍ കര്‍മ്മം ഇന്നലെ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.