X

മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി ജീപ്പിന് 20,500 രൂപ പിഴ ഈടാക്കി എ.ഐ ക്യാമറ

വയനാട്:മരച്ചില്ല വെട്ടാന്‍ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി ജീപ്പിന് 20,500 രൂപ പിഴയിട്ട് എ,ഐ ക്യാമറ. അമ്പലവയല്‍ കെ.എസ്.ഇ.ബിയിലെ ജീപ്പിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അടാര്‍ പണികിട്ടിയത്.
വൈദ്യുതി ലൈനിനോടു ചേര്‍ന്ന് കിടക്കുന്ന മരക്കൊമ്പുകള്‍ നീക്കുന്നതിന്റെ ഭാഗമായി തോട്ടിയുള്‍പ്പെടെയുള്ള സാധാനങ്ങളുമായി പോകുന്ന ജീപ്പാണ് അമ്പലവയല്‍ ടൗണിലെ എഐ ക്യാമറയില്‍ കുടുങ്ങിയത്.

വാഹനത്തിനു മുകളില്‍ തോട്ടി കയറ്റിയതിന് 20,000 രൂപയും വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് 500 രൂപയുമാണു പിഴ ഈടാക്കിയത്. ടച്ചിങ് വെട്ടാന്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒാടുന്ന വാഹനത്തിനാണ് പിഴ. പിന്നീട് കെഎസ്ഇബി മോട്ടര്‍ വാഹനവകുപ്പ് അധികൃതരുമായി സംസാരിക്കുകയും സാധനങ്ങള്‍ കയറ്റിയതിനുളള 20,000 രൂപ പിഴ ഒഴിവാക്കി. എന്നാല്‍, സീറ്റ് ബെല്‍റ്റ് ഇടാത്തതിനുള്ള 500 രൂപ അടയ്ക്കണം.

വിവിധ ജോലികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ജീപ്പില്‍ കൊണ്ടുപോകേണ്ടിവരുമെന്നും ആ സമയങ്ങളില്‍ എഐ ക്യാമറയില്‍പെടാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഇതിനു മറ്റ് വഴികളിലെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു. ഇനിയും ക്യാമറയില്‍ കുടുങ്ങുകയാണെങ്കില്‍ മോട്ടര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് ഈ പ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി

 

 

webdesk13: