എ.എ വഹാബ്
ദിവ്യാനുഗ്രഹം പെയ്തിറങ്ങുന്ന പരിശുദ്ധ റമസാനിലെ പുണ്യ ദിനരാത്രങ്ങളിലൂടെയാണ് നാമിപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ജീവിതം അല്ലാഹുവിന്റെ ഒരു പരീക്ഷണമാണ്. ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടതില്‍ ആര് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് പരിശോധിക്കാനുള്ള പരീക്ഷണം. വിഭവങ്ങളിലും സംഭവങ്ങളിലും നന്മതിന്മകള്‍ ഉണ്ടാവും. ഈ വക കാര്യങ്ങള്‍ക്ക് മനുഷ്യന് മാര്‍ഗദര്‍ശനം നല്‍കാന്‍ അല്ലാഹു തെരഞ്ഞെടുത്ത മാസമാണ് റമസാന്‍. മനുഷ്യാരംഭം മുതല്‍ മാലാഖമാര്‍ വഴി മനുഷ്യരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവാചകന്മാര്‍ക്ക് ഈ മാര്‍ഗദര്‍ശന പ്രക്രിയ അല്ലാഹു നടത്തിപ്പോന്നിട്ടുണ്ട്. പ്രധാനപ്പെട്ട എല്ലാ മാര്‍ഗദര്‍ശന ഗ്രന്ഥങ്ങളും റമസാനിലാണ് അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇമാം ഇബ്‌നു കസീര്‍ അദ്ദേഹത്തിന്റെ ‘അല്‍ബിദായ വന്നിഹായ’ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു.
തെറ്റുകള്‍ വരുത്തുന്ന പ്രകൃതമുള്ള മനസ്സിന്റെ ഉടമയായ മനുഷ്യന് റമസാന്‍ ഒരു പ്രതീക്ഷയാണ്. അനുഗ്രഹത്തിന്റെയും പാപമോചനത്തിന്റെയും നരക വിമോചനത്തിന്റെയും സ്വര്‍ഗ പ്രവേശനത്തിന്റെയും മാസം. ഓരോ സത്യവിശ്വാസിയുടെയും ശുഭപ്രതീക്ഷ പ്രപഞ്ചാതിര്‍ത്തിക്കപ്പുറം കടന്നുപോകുന്ന തരത്തിലാണ് റമസാനെക്കുറിച്ചും അല്ലാഹുവും പ്രവാചകനും വിവരിച്ചുതരുന്നത്. അനുഗ്രഹത്തിന്റെ ഈ പുണ്യമാസം സമാഗതമായാല്‍ സത്യവിശ്വാസ ഹൃദയങ്ങളില്‍ സ്വര്‍ഗവാതില്‍ തുറക്കുന്ന ബോധം സൃഷ്ടിക്കപ്പെടും. നരകവാതില്‍ അടക്കപ്പെടും. സന്മാര്‍ഗ ദര്‍ശനത്തിന്റെ ഈ മാസം വ്രതമാസമായി നിശ്ചയിക്കപ്പെട്ടു. ഉപവാസം എന്നാല്‍ കൂടെ വസിക്കലാണല്ലോ. അല്ലാഹുവോടൊപ്പം വസിക്കല്‍ എന്ന് സാരം. അടിമ എവിടെയായാലും അല്ലാഹു അവനോടൊപ്പമുണ്ടെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്.
രക്ഷിതാവിനോടൊപ്പമാണ് താന്‍ എന്ന ബോധം മനുഷ്യനെ തെറ്റില്‍ നിന്ന് അകറ്റിനിര്‍ത്തും. വ്രതം ഒരു പരിചയാണ് അതിനാല്‍ നോമ്പുകാരന്‍ തെറ്റായ പ്രവൃത്തികള്‍ ചെയ്യാതിരിക്കുകയും വിഡ്ഢിത്തം പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ എന്ന് പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്നു. വല്ലവനും നോമ്പുകാരനോട് ശണ്ഠ കൂടുകയോ അവനെ ശകാരിക്കുകയോ ചെയ്യുന്നെങ്കില്‍ താന്‍ നോമ്പുകാരനാണെന്ന് അയാള്‍ രണ്ടു പ്രാവശ്യം പറയട്ടെ. എല്ലാ സല്‍പ്രവര്‍ത്തനങ്ങള്‍ക്കും കുറഞ്ഞത് പത്ത് ഇരട്ടി പ്രതിഫലമാണ് കരുണാമയനായ അല്ലാഹു തന്റെ അടിമകള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നോമ്പ് ആ ഗണത്തില്‍പ്പെടുത്താതെ ‘നോമ്പ് എനിക്കുള്ളതാണ് അതിന് പ്രതിഫലം നല്‍കുന്നത് ഞാനാണ്’ എന്ന് അല്ലാഹു പ്രത്യേകം വിളംബരം ചെയ്തിരിക്കുന്നു. സ്വര്‍ഗത്തില്‍ ‘റയ്യാന്‍’ എന്നു പേരുള്ള ഒരു വാതിലുണ്ട്. നോമ്പുകാര്‍ അതിലൂടെയാണ് സ്വര്‍ഗത്തില്‍ പ്രവേശിക്കുക എന്ന് പ്രവാചകന്‍ ശുഭവാര്‍ത്ത അറിയിച്ചിട്ടുണ്ട്.
കളവ് പറയലും പ്രവര്‍ത്തിക്കലും ശകാരിക്കലും അട്ടഹസിക്കലും മറ്റനാവശ്യങ്ങള്‍ പ്രവര്‍ത്തിക്കലും ഒരാള്‍ ഒഴിവാക്കുന്നില്ലെങ്കില്‍ അവന്റെ നോമ്പ് വെറും പട്ടിണി കിടക്കലായി മാറും എന്ന് പ്രവാചകന്‍ ശക്തമായ താക്കീത് നല്‍കുന്നുണ്ട്. നോമ്പിന്റെ മര്യാദകള്‍ സൂക്ഷ്മതയോടെ പാലിക്കണം. ഒരാള്‍ നോമ്പാണെന്ന് മറന്ന് കൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കട്ടെ അല്ലാഹുവാണ് അവനെ തീറ്റിക്കുകയും കുടിപ്പിക്കുകയും ചെയ്തതെന്ന് പ്രവാചകന്‍ പറഞ്ഞതായി അബൂ ഹുറൈറയില്‍നിന്ന് ഇമാം ബുഖാരി നിവേദനം ചെയ്യുന്നു.
കാരുണ്യത്തിന്റെ ഈ പുണ്യമാസത്തില്‍ പ്രവാചകന്‍ ഇസ്തിഗ്ഫാറും തൗബയും ദാനധര്‍മങ്ങളും മറ്റ് ആരാധനകളും ധാരാളമായി വര്‍ധിപ്പിച്ചിരുന്നു. അഗതികളെയും ആവശ്യക്കാരെയും പ്രത്യേകം പരിഗണിച്ചിരുന്നു. സാധുക്കളെ നോമ്പ് തുറപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചിരുന്നു. എല്ലാം അനന്തമായ പരലോക ജീവിത വിജയം ലക്ഷ്യംവെച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. കൃത്യമായി പറഞ്ഞാല്‍ സ്വര്‍ഗപ്രവേശനം ഇവിടെ ലഭ്യമായ താല്‍ക്കാലിക ജീവിതവും വിഭവങ്ങളും വിനിയോഗിച്ച് മരണാനന്തര ജീവിതത്തിലെ ശാശ്വത സൗഭാഗ്യം നേടിയെടുക്കാനാണ് ഓരോരുത്തരെയും ഖുര്‍ആനും പ്രവാചകനും പ്രേരിപ്പിക്കുന്നത്.
നശ്വരമായ ഭൗതിക ജീവിതത്തെ ഹൃദയസ്പിര്‍ക്കായ ഒരു ഉദാഹരണത്തിലൂടെ വിവരിച്ചു കൊണ്ട് പ്രതീക്ഷയോടെ സ്വര്‍ഗത്തിലേക്ക് പാഞ്ഞു ചെല്ലാന്‍ അല്ലാഹു നമ്മെ പ്രേരിപ്പിക്കുന്നു. ‘നിങ്ങളറിയുക: ഇഹലോക ജീവിതമെന്നാല്‍ കളിയും വിനോദവും അലങ്കാരവും നിങ്ങള്‍ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ്. ഒരു മഴ പോലെ, അതുമൂലമുണ്ടായ ചെടികള്‍ കര്‍ഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിച്ചു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നീ കണ്ടു. പിന്നീടത് തുരുമ്പായിപ്പോകുന്നു. പരലോകത്ത് (ദുര്‍വൃത്തര്‍ക്ക്) കഠിന ശിക്ഷയും (സദ് വൃത്തര്‍ക്ക്) അല്ലാഹുവില്‍ നിന്നുള്ള പാപമോചനവും ഉണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല (57:20).
താല്‍ക്കാലിക ഭൗതിക ജീവിതത്തിന്റെ പളുപളുപ്പില്‍ വഞ്ചിതരായി ജീവിതലക്ഷ്യം മറന്നു പോകാതെ നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള പാപമോചനത്തിലേക്കും സ്വര്‍ഗത്തിലേക്കും നിങ്ങള്‍ മുന്‍കടന്നു വരുവീന്‍. അതിന്റെ വിശാലത ആകാശഭൂമികളുടെ വിശാലതയാണ്. അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവര്‍ക്ക് വേണ്ടി അത് സജ്ജീകരിക്കപ്പെട്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ. അവനുദ്ദേശിക്കുന്നവര്‍ക്കും അതവന്‍ നല്‍കുന്നു. അല്ലാഹു മഹത്തായ അനുഗ്രഹമുള്ളവനാണ് (57:21). അല്ലാഹു വിളിക്കുന്ന സ്വര്‍ഗത്തിലേക്ക് പാഞ്ഞുചെല്ലുവാന്‍ ഏറ്റവും പറ്റിയ ദിനരാത്രങ്ങളിലൂടെയാണ് ഓരോ സത്യവിശ്വാസിയും ഇപ്പോള്‍ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം ഗൗരവത്തോടെ ഓര്‍ക്കുക.
- 5 years ago
chandrika
Categories:
Video Stories
പ്രതീക്ഷയോടെ സ്വര്‍ഗം തേടി
Tags: AA VAHAB