ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധി വളര്‍ത്തിയ താടി മുറിച്ചു. കേംബ്രിഡ്ജിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടനില്‍ എത്തിയത് പുതിയ ലുക്കില്‍. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരിക്കല്‍ പോലും അദ്ദേഹം വെട്ടിയിരുന്നില്ല. അതുകൊണ്ട് രാഹുലിന്റെ താടി, ഒരുപാട് ആളുകളുടെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. പ്രശസ്തമായ താടി അദ്ദേഹം വെട്ടിമാറ്റുകയും മുടി മുറിക്കുകയും ചെയ്തു.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിംഗ് ഫെല്ലോ എന്ന നിലയില്‍ ‘learning to listen in the 21st century’ എന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി പ്രഭാഷണം നടത്തി. പ്രഭാഷണത്തിനിടെ, രാഹുല്‍ മൂന്ന് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു – ഭാരത് ജോഡോ യാത്ര, രണ്ട് വ്യത്യസ്ത ആശയങ്ങള്‍, ഒരു ആഗോള സംഭാഷണത്തിനുള്ള അനിവാര്യത.
വയനാട് എംപി ഒരാഴ്ചത്തെ ഇംഗ്ലണ്ട് പര്യടനത്തിലാണ്. മാര്‍ച്ച് 5 ന് ലണ്ടനിലെ ഇന്ത്യന്‍ പ്രവാസികളുമായി സംവദിക്കും. ലണ്ടനിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) അംഗങ്ങളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദേശ വിഭാഗമാണ് ഐഒസി. ബിസിനസ് കമ്മ്യൂണിറ്റി അംഗങ്ങളുമായും രാഹുല്‍ ഗാന്ധി ആശയവിനിമയം നടത്താന്‍ തീരുമാനിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ രൂപമാറ്റത്തെ ബി.ജെ.പിനേതാക്കള്‍ വിമര്‍ശിച്ചിരുന്നു. അദ്ദേഹം സദ്ദാം ഹുസൈനെപ്പോലെയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്ക് ബിജെപിക്കെതിരെ കോണ്‍ഗ്രസ് തിരിച്ചടിക്കുകയും ‘നിങ്ങളുടെ നേതാവ് താടി വളര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ഒന്നും പറഞ്ഞില്ല’ എന്ന് മറുപടി നല്‍കുകയും ചെയ്തിരുന്നു.