മുസ്‌ലിം സ്ത്രീകള്‍ക്ക് പളളികളില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടെന്നും അതവരുടെ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോര്‍ഡ്. സ്ത്രീയും പുരുഷനും തമ്മില്‍ ഒരുമിച്ച് ആരാധന നടത്തുന്നതിനെ ഇസ്‌ലാം വിലക്കുന്നുവെന്നും സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച ഹര്‍ജിയില്‍ സത്യവാങ് മൂലത്തില്‍ ബോര്‍ഡ് വ്യക്തമാക്കി. പള്ളികളില്‍ സ്ത്രീകള്‍ക്ക് നിലവില്‍ ആരാധനക്ക് സൗകര്യം നല്‍കിയിട്ടുണ്ട്. ഇത് ഒരുക്കുന്നത് അതാത് മുതവല്ലിയുടെയോ പള്ളി ഭരണസമിതിയുടെയോ തീരുമാനപ്രകാരമാണ്. അതൊരു സ്വകാര്യമായ നടപടിയാണ്. കോടതിക്കോ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനോ അതിലിടപെടാന്‍ അധികാരമില്ല. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണത്.
അതേസമയം സ്ത്രീ നിര്‍ബന്ധമായും പള്ളിയില്‍ പ്രവേശിക്കണമെന്ന് ഇസ്‌ലാമില്‍ അനുശാസിക്കുന്നില്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി. പള്ളിയിലോ വീട്ടിലോ അവള്‍ക്ക് നമസ്‌കരിക്കാം. അഞ്ചുനേരമോ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിലോ സ്ത്രീകള്‍ക്ക് പുരുഷന്മാരുമായി ഇടകലര്‍ന്ന് നിസ്‌കരിക്കുന്നതിന് വിലക്കുണ്ടെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. സത്യത്തില്‍ പള്ളിയിലോ വീട്ടിലോ നമസ്‌കരിക്കാമെന്നത് അവളുടെ സ്വന്തമായ തീരുമാനമാണ്. ” ഇസ്‌ലാമിലെവിടെയും സ്ത്രീകള്‍ പുരുഷന്മാരുമായി സ്വതന്ത്രമായി കൂടിക്കലരുന്നതിനെ അനുവദിക്കുന്നില്ല. മക്കയിലും മദീനയിലും പോലും അതനുവദിക്കുന്നില്ല. മക്കയിലെ തവാഫില്‍ ഇടകലര്‍ന്ന് ആരാധന നടത്തുമ്പോഴും കൂടിക്കലരുന്നതിന് തടസ്സമുണ്ട്. സ്ഥലത്തിന്റെ പവിത്രതയാണ് ഇവിടെ പ്രധാനം. നമസ്‌കാരത്തിനാകട്ടെ ഇരു സ്ഥലത്തും പ്രത്യേകം നമസ്‌കാരസ്ഥലം ഒരുക്കുകയാണ ്‌ചെയ്യുന്നതെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 25, 26 മതസ്വാതന്ത്ര്യം വകുപ്പുകളെക്കുറിച്ച് 9 അംഗ ഭരണഘടനാ ബെഞ്ചാണ് സ്ത്രീകളുടെ അവകാശം സംബന്ധിച്ച വിഷയം പരിശോധിക്കുന്നത്.