X
    Categories: keralaNews

ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വിജോണിനെതിരെ കേസ് : പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കി

ഏഷ്യാനെറ്റിലെ വാര്‍ത്താപരിപാടിക്കിടെ അവതാരകനായ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസെടുത്തത്. എളമരം കരീം നല്‍കിയ പരാതിയില്‍ വിനു വി ജോണ്‍ പൊലീസിന് മൊഴി നല്‍കി. തിരുവനന്തപുരം കന്റോ ണ്‍മെന്റ് പൊലീസ് സ്റ്റേഷനിലാണ് വിനു മൊഴി നല്‍കിയത്.
അസാധാരണ നിബന്ധനകള്‍ ഉള്‍പെടുത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പൊലീസ് നല്‍കിയത്. എളമരം കരീമിന്റെ പരാതിയില്‍ വിനു വി ജോണിനെതിരെ കേസെടുത്ത കാര്യം പോലും ഒരു വര്‍ഷത്തോളമായി പൊലീസ് രഹസ്യമാക്കി വെക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28ന് ട്രേഡ് യൂണിയനുകള്‍ നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിലെ അക്രമസംഭവങ്ങള്‍ ചര്‍ച്ച ചെയ്ത ന്യൂസ് അവറിലെ പരാമര്‍ശത്തിന്റെ പേരിലാണ് വിനുവിനെതിരെ പൊലീസ് കേസെടുത്തത്.

പണിമുടക്ക് നടന്ന രണ്ട് ദിവസവും സംസ്ഥാനത്തിന്റെ പല ഭാഗത്തും സാധാരണക്കാര്‍ അക്രമിക്കപ്പെട്ടിരുന്നു. കുടുംബവുമായി ഓട്ടോയില്‍ സഞ്ചരിച്ചവരും രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷാ ഡ്രൈവറും ജോലിക്ക് പോയ ആളുകളും സമരാനുകൂലികളാല്‍ അക്രമിക്കപ്പെട്ടു. വിഷയം വലിയ വാര്‍ത്തയാവുകയും ട്രേഡ് യൂണിയനുകള്‍ക്കെതിരെ ജനരോഷം ഉയരുകയും ചെയ്തപ്പോള്‍ ‘നുള്ളിയതും പിച്ചിയതും മാന്തിയതും പരാതിയാക്കുന്നു’ എന്ന പരിഹാസമാണ് ട്രേഡ് യൂണിയന്‍ നേതാവായ രാജ്യസഭാ എം.പി എളമരം കരീമില്‍ നിന്നുണ്ടായത്. ഇതിനെതിരെ ന്യൂസ് അവറില്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കേസെടുത്തത്. എന്നാല്‍ ഇങ്ങനെയൊരു കേസ് എടുത്ത വിവരം വിനുവിനെ പൊലീസ് അറിയിച്ചിരുന്നില്ല. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ക്കും യാതൊരു വിവരവും ലഭിച്ചില്ല. മാസങ്ങള്‍ക്ക് ശേഷം തന്റെ പാസ്‌പോര്‍ട്ട് പുതുക്കാന്‍ വിനു അപേക്ഷ നല്‍കിയ ഘട്ടത്തിലാണ് കേസുള്ള വിവരം അറിയുന്നത്. ഇതിനു പിന്നാലെ കടുത്ത നിബന്ധനകളോട് കൂടിയ നോട്ടീസ് പൊലീസ് വിനുവിന് നല്‍കി. ഈ സാഹചര്യത്തിലാണ് ഇന്നലെ അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ജനങ്ങളുടെ വേദനക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും ഭരണഘടന അനുവദിച്ച സഞ്ചാര സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ ചൂണ്ടിക്കാണിക്കേണ്ട കര്‍ത്തവ്യം തനിക്കുണ്ടെന്നും വിനു പൊലീസിന് മൊഴി നല്‍കി. തന്റെ പരാമര്‍ശത്തിന്റെ പൂര്‍ണ രൂപം അടങ്ങിയ വീഡിയോ ക്ലിപ്പുകളും പൊലീസിന് കൈമാറി. ബി.ബി.സിയിലെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനെതിരെ വലിയ വിമര്‍ശനം ഉന്നയിച്ച സി.പി.എം നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണത്തിന് തയാറായിട്ടില്ല എന്നത് വിചിത്രമാണ്.

വാര്‍ത്താ ചര്‍ച്ചക്കിടെയുണ്ടായ ഒരു പരാമര്‍ശത്തിന്റെ പേരില്‍ ഏഷ്യാനെറ്റിലെ മാധ്യമ പ്രവര്‍ത്തകനായ വിനു വി ജോണിനെ പൊലീസ് ചോദ്യം ചെയ്തതില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സംഭവം കേരളത്തില്‍ മുമ്പുണ്ടാകാത്തതാണ്. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞ ബദ്ധമായ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഈ നടപടി അപലപനീയമാണ്.കേസ് അവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തര നടപടി ഉണ്ടാകണമെന്ന് യൂണിയന്‍ സംസഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും പ്രസ്താവനയില്‍ ആവശ്യപെട്ടു.

 

Chandrika Web: