X
    Categories: indiaNews

പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു; തെളിവുകള്‍ കാണാതെ അപകടമരണമെന്ന് പൊലീസ്

ഹരിയാന: പശുക്കടത്ത് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നതായി ബന്ധുക്കളുടെ പരാതി. മേവാത്തി ജില്ലയിലെ ഹുസൈന്‍പൂര്‍ സ്വദേശിയായ വാരിസ് (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ഖോരി കലന്‍ ഗ്രാമത്തിന് സമീപം ടൗരു ഭിവാദി റോഡിലാണ് സംഭവം. ഹരിയാനയിലെ പശുസംരക്ഷണ ഗുണ്ടകളാണ് യുവാവിനെ കൊന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ യുവാവ് റോഡപകടത്തില്‍ മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

പശുസംരക്ഷണ ഗുണ്ടയും ബജ്രംഗ്ദള്‍ നേതാവുമായ മോനുമനേസര്‍ എന്നയാളുടെ നേതൃത്വത്തില്‍ വാരിസിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബക്കാര്‍ ആരോപിക്കുന്നത്. തെളിവായി ബജ്രംഗ് ദള്‍ പ്രചരിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളും കുടുംബം പുറത്തുവിട്ടു. വാരിസ് അടക്കമുള്ളവരെ നിലത്തിരുത്തി ചുറ്റിലും തോക്കും ആയുധങ്ങളുമായി ബജ്രംഗ്ദളുകാര്‍ നില്‍ക്കുന്ന ദൃശ്യം വിഡിയോയില്‍ കാണാം. കരളിനേറ്റ മൂര്‍ച്ചയേറിയ ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

വാരിസും സുഹൃത്തുക്കളായ നഫീസ്, ഷൗകീന്‍ എന്നിവരും സഞ്ചരിച്ച സാന്‍ട്രോ കാര്‍ ടെമ്പോയില്‍ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പൊലീസിന്റെ വാദം കുടുംബം തള്ളിയിരിക്കുകയാണ്.

വാരിസ് കാര്‍ മെക്കാനിക്കാണെന്നും പശുക്കടത്തുമായി അവന് പങ്കില്ലെന്നും മൂത്ത സഹോദരന്‍ ഇമ്രാന്‍ പരാതിയില്‍ പറഞ്ഞു. ശനിയാഴ്ച രാത്രി സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ പരിശോധിക്കാന്‍ ഭിവാഡിയില്‍ പോയ വാരിസും സുഹൃത്തുക്കളും തിരിച്ചുവരുമ്പോഴാണ് സംഭവമെന്ന് ഇമ്രാന്‍ പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ മൊഴികള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒന്നരവര്‍ഷം മുമ്പ് വിവാഹിതനായ വാരിസിന് മൂന്നുമാസം പ്രായമുള്ള കുഞ്ഞുണ്ട്.

അതേസമയം, വാഹനത്തില്‍ പശുവിനെ കണ്ടെത്തിയതായും കൊല്ലപ്പെട്ട വാരിസ് അടക്കം മൂന്നുപേര്‍ക്കുമെതിരെ ഹരിയാന പശുസംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അപകടത്തില്‍പ്പെട്ട ടെമ്പോ െ്രെഡവര്‍ അബ്ദുള്‍ കരീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അപകടകരമായ െ്രെഡവിങ്ങിനും കേസ് രജിസ്റ്റര്‍ ചെയ്തു.

webdesk13: