X

തിരക്കേറിയ സ്ഥലങ്ങളില്‍ വാഹനമോഷണം നടത്തുന്ന യുവാവ് പിടിയില്‍

കോഴിക്കോട് : നഗരത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തിരക്കേറിയ സ്ഥലങ്ങളില്‍നിന്ന് ഇരുചക്രവാഹന മോഷണം നടത്തുന്ന യുവാവിനെ പൊലീസ് പിടികൂടി. മഞ്ചേരി സ്വദേശി കൊരമ്പയിൽ അനസ് റഹ്മാൻ (20) ആണ് ടൗണ്‍ പൊലീസും സിറ്റി ക്രൈം സ്ക്വാഡും നടത്തിയ വാഹനപരിശോധനയില്‍ പിടിയിലായത്. മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിന് സമീപമുള്ള പാര്‍ക്കിങ്ങില്‍നിന്നും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും മോഷണം നടത്തിയ ഇരുചക്രവാഹനങ്ങള്‍ പ്രതിയില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
എ.ഐ കാമറയുടെ കണ്ണുവെട്ടിക്കാനായി മെഡിക്കല്‍ കോളജില്‍നിന്ന് മോഷ്ടിച്ച വാഹനത്തിന്റെ നമ്ബര്‍ മാറ്റി അതിലാണ് പ്രതി സഞ്ചരിച്ചിരുന്നത്. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മുമ്പും വാഹനമോഷണ കേസില്‍ ഇയാള്‍ പ്രതിയാണ്.
ടൗണ്‍ അസി. കമീഷണര്‍ പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗണ്‍ ഇൻസ്പെക്ടര്‍ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.
ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ കെ.ഇ. ബൈജുവിന്റെ നിര്‍ദേശപ്രകാരം മോഷണം തടയുന്നതിനായി രാത്രിയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വാഹനപരിശോധനക്കിടെ കോഴിക്കോട് ബീച്ച്‌ റോഡില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്പെക്ടര്‍ സുഭാഷ് ചന്ദ്രൻ അറസ്റ്റിന് നേതൃത്വം നല്‍കി. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം. ഷാലു, സി.കെ. സുജിത്ത്, ടൗണ്‍ പൊലീസ് സ്റ്റേഷനിലെ എസ്.ഐ മുഹമ്മദ് സിയാദ്, സീനിയര്‍ സി.പി.ഒമാരായ ജിതേഷ് കുമാര്‍, പി. സജേഷ് കുമാര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

webdesk13: