Categories: crimeNews

നടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ ഭാര്യയുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു

കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ നടുറോട്ടിൽ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ ജോൺ എന്നറിയപ്പെടുന്ന ചാണക്യനാണ് (35) കൊല്ലപ്പെട്ടത്. സേലം-കോയമ്പത്തൂർ ഹൈവേയിൽ ഈറോഡിനടുത്ത നസിയനൂരിൽ വെച്ച് ഒരു സംഘം വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ജോണും ഭാര്യ ശരണ്യയും കാറിൽ സേലത്തുനിന്ന് തിരുപ്പൂരിലേക്ക് കാറിൽ വരികയായിരുന്നു. ഇവരെ രണ്ട് കാറിലായി പിന്തുടർന്ന മറ്റൊരു സംഘം നസിയനൂരിൽ വെച്ച് കാർ തടഞ്ഞുനിർത്തി ജോണിനെ പുറത്തിറക്കി വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റ ജോൺ സ്ഥലത്തുതന്നെ മരിച്ചു. അക്രമം തടയാൻ ശ്രമിച്ച ഭാര്യ ശരണ്യക്ക് പരിക്കേറ്റു.

സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികൾക്ക് നേരെ വെടിയുതിർത്തു. എട്ടുപേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ നാലുപേരെ പിടികൂടി അറസ്റ്റ് ചെയ്തെന്നും അധികൃതർ അറിയിച്ചു. നാലുപേർ കടന്നുകളഞ്ഞു.

സേലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ജോണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ജോണും ഭാര്യയും തിരുപ്പൂരിലെ പെരിയപാളയത്തേക്ക് താമസം മാറിയിരുന്നു. അന്നദാനപ്പട്ടി പൊലീസ് സ്റ്റേഷനിൽ ജോണിന് ആഴ്ചതോറുമെത്തി ഒപ്പിടേണ്ടിയിരുന്നു. ഇന്ന് ഒപ്പിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിലെ സംഘത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

webdesk13:
whatsapp
line