ഉത്തരാഖണ്ഡില്‍ 30കാരനായ ബിസിനസുകാരനെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇയാള്‍ക്ക് ലഹരി നല്‍കി ബോധം കെടുത്തിയ ശേഷം പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കാമുകിയും പാമ്പ് പിടുത്തക്കാരനുമടക്കം മൂന്ന് പേര്‍ പിടിയിലായി. ഗൂഢാലോചനയില്‍ പങ്കാളിയായ മറ്റു രണ്ടുപേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ജൂലൈ 15നാണ് ബിസിനസുകാരനായ അങ്കിത് ചൗഹാനെ തന്റെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹല്‍ദ്വാനിയിലെ റോഡരികില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു അങ്കിതിന്റെ കാര്‍. അമിതമായ അളവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടര്‍ന്നാകാം മരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമായി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണകാരണം പാമ്പിന്‍ വിഷമാണ് എന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അങ്കിതിന്റെ കാമുകി മാഹിയിലേക്കെത്തിയത്. മാഹിയുടെ കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിച്ച പൊലീസ് പാമ്പ് പിടിത്തക്കാരന്‍ രമേശ് നാഥുമായി യുവതി നിരന്തരം ഫോണ്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. ഇതോടെ പൊലീസ് രമേശ് നാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ചുരുളഴിഞ്ഞു. തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ജൂലൈ 14നായിരുന്നു കൊലപാതകം. സംഭവ ദിവസം അങ്കിത് മാഹിയുടെ വീട്ടില്‍ പോയിരുന്നു. ഈസമയത്ത് പ്രതികളെല്ലാവരും വീട്ടിലുണ്ടായിരുന്നു. ലഹരി നല്‍കി അങ്കിതിനെ ബോധം കെടുത്തിയ ശേഷമാകാം കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.