X

കാറിന് തീപിടിച്ച് യുവാവിന്റെ മരണം; വാഹനത്തിനുള്ളില്‍ നിന്ന് ലൈറ്റര്‍, ഇന്‍ഹേലര്‍ എന്നിവയുടെ ഭാഗങ്ങള്‍ ലഭിച്ചു

മാവേലിക്കര കണ്ടിയൂര്‍ അമ്പലമുക്കില്‍ അര്‍ധരാത്രി കാറിന് തീപിടിച്ചു യുവാവ് വെന്തു മരിച്ച സംഭവത്തില്‍ അപകടകാരണം കണ്ടെത്താനായില്ല. ശാസ്ത്രീയ പരിശോധനകള്‍ തുടരുകയാണ്. മാവേലിക്കര ഗവ.ഗേള്‍സ് സ്‌കൂളിന് സമീപം കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുന്ന ചെന്നിത്തല കാരാഴ്മ പിണറ്റുംകാട്ടില്‍ കൃഷ്ണ പ്രകാശാണ് (കണ്ണന്‍ -35) മരിച്ചത്. വാടകയ്ക്ക് താമസിക്കുന്ന കണ്ടിയൂര്‍ അമ്പലമുക്ക് ജ്യോതി എന്ന വീടിന്റെ ഗേറ്റിനു സമീപം ഇന്നലെ അര്‍ധരാത്രി 12.15 നാണ് കാറിന് തീപിടിച്ചത്.

കാറിനു സാങ്കേതിക തകരാര്‍ ഇല്ലായിരുന്നു എന്നാണ് മോട്ടര്‍ വാഹന വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. വാഹനത്തിനുള്ളില്‍ നിന്ന് ലൈറ്റര്‍, ഇന്‍ഹേലര്‍ എന്നിവയുടെ ഭാഗങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

പന്തളത്ത് കമ്പ്യൂട്ടര്‍ സര്‍വീസിനു ശേഷം കൃഷ്ണ പ്രകാശ് തിരികെ വീട്ടിലേക്ക് കടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. അവിവാഹിതനായ കൃഷ്ണപ്രകാശും ജ്യേഷ്ഠന്‍ ശിവപ്രകാശും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ശബ്ദം കേട്ടു ശിവപ്രകാശ് ഓടിയെത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നു. കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ കൃഷ്ണപ്രകാശ് ശ്രമിക്കുന്നത് കണ്ടതായി ശിവപ്രകാശ് പൊലീസിനോട് പറഞ്ഞു.

സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായും തീയില്‍ അമര്‍ന്നു. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി ഏറെ പരിശ്രമിച്ചാണ് തീയണച്ചത്. പരേതനായ കെതങ്കപ്പന്‍പിള്ളയുടെയും രതിയമ്മയുടെയും മകനാണ് കൃഷ്ണ പ്രകാശ്. സഹോദരി: കാര്‍ത്തിക. സംസ്‌കാരം ഇന്ന്.

 

webdesk13: