X

അനധികൃതമായി വീട്ടിൽ വളർത്തിയ വിഷപല്ലിയുടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം

അനധികൃതമായി വീട്ടിൽ വളർത്തിയ വിഷപല്ലിയുടെ കടിയേറ്റ് യുവാവ് മരിച്ചു. യുഎസിലാണ് സംഭവം. 34 കാരനായ ക്രിസ്റ്റഫർ വാർഡ് ആണ് ഗില മോണ്‍സ്റ്റർ ഇനത്തിൽപ്പെട്ട പല്ലിയുടെ കടിയേറ്റ് മരിച്ചത്. കൊളറാഡോയിലെ ഇയാളുടെ വീട്ടിലായിരുന്നു ഇവയെ വളർത്തിയിരുന്നത്. എന്നാൽ ഗില മോണ്‍സ്റ്റർ പല്ലികളെ നഗരത്തിൽ വളർത്തുന്നത് കുറ്റകരമാണെന്നും അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 12 നാണ് യുവാവിന് ഇതിന്റെ കടിയേറ്റത്. ഇതിനെ തുടർന്ന് ക്രിസ്റ്റഫറിനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നെങ്കിലും പിന്നീട് ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

കടിയേൽക്കുന്നതിന് മുൻപായി ഇയാളുടെ കയ്യിൽ പല്ലികൾ ഉണ്ടായിരുന്നു എന്നും ക്രിസ്റ്റഫറിന്റെ കാമുകി പറഞ്ഞു. എന്നാൽ താൻ മറ്റൊരു മുറിയിൽ ആയിരുന്നതിനാൽ എന്താണ് കടിച്ചതെന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ഗില മോണ്‍സ്റ്റർ കടിച്ച ഉടനെ ഇയാൾക്ക് പലതരത്തിലുള്ള അസ്വസ്ഥതകൾ കാണിക്കുകയും നിരവധി തവണ ഛർദ്ദിക്കുകയും ചെയ്തിരുന്നു. വിഷപ്പല്ലികളെ ഇയാളുടെ വീട്ടിൽ നിന്ന് നീക്കം ചെയ്യുകയും അവയെ സൗത്ത് ഡക്കോട്ടയിലെ മൃഗശാലയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ വീട്ടിൽ വളർത്തുമൃഗങ്ങളായി പരിപാലിച്ചിരുന്ന 26 ചിലന്തികളെയും അധികൃതർ മാറ്റിയിട്ടുണ്ട്.

സാധാരണയായി അമേരിക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിലും വടക്കു പടിഞ്ഞാറൻ മെക്സിക്കോയിലും കണ്ടുവരുന്ന ഉരഗങ്ങളാണ് ഗില മോണ്‍സ്റ്ററുകള്‍. ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ട് പല്ലികളിൽ ഒന്നാണിത്.

ഇതിൻ്റെ വിഷത്തിൽ പ്രോട്ടീനുകളും എൻസൈമുകളും അടങ്ങിയിട്ടുണ്ട്. ഇരയെ ആക്രമിക്കാൻ ആണ് ഇവ ഈ വിഷം ഉപയോഗിക്കുന്നത്. എന്നാൽ വളരെ സാവധാനത്തിൽ മാത്രം ചലിക്കുന്ന ഇവയുടെ കടിയേറ്റുള്ള മരണങ്ങൾ വളരെ കുറച്ചുമാത്രമാണ് ഇതുവരെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്.

webdesk13: