ഇന്ത്യൻ പോസ്റ്റ് കാർഡിന്റെ കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പാക്കിസ്ഥാനിലെ ചാര സംഘടനയ്ക്ക് കൈമാറിയ കരാർ തൊഴിലാളിയെ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു.
ഓഖാ തീരത്തെ കരാർ തൊഴിലാളിയായ ദീപേഷ് ഗോഹിലാണ് പ്രതിദിനം 200 രൂപ കൂലിക്ക് സ്വന്തം രാജ്യത്തെ പാക്കിസ്ഥാന് ഒറ്റു കൊടുത്തത്. ഇതിലൂടെ 42,000 രൂപയാണ് ഇയാൾ ആകെ നേടിയതെന്നും ഗുജറാത്ത് എടിഎസ് പറയുന്നു.
ഫേസ്ബുക്ക് വഴിയാണ് പാക് ചാര സംഘടനയിലെ അംഗത്തെ ദീപേഷ് പരിചയപ്പെട്ടത്. സഹിമ എന്ന വ്യാജ പേരാണ് ചാര സംഘാംഗത്തിന്റെത്. ഫേസ്ബുക്കിൽ നിന്നും സൗഹൃദം പിന്നീട് വാട്സാപ്പിലേക്ക് നീണ്ടു. ഓഖ തീരത്ത് നിർത്തിയിട്ട കോസ്റ്റ് ഗാർഡ് ബോട്ടിന്റെ പേരും നമ്പരും ദീപേഷിലൂടെ പാക്ക് ചാര സംഘടനയ്ക്ക് ലഭിച്ചു.
എന്നാൽ വാട്സാപ്പിലൂടെ കോസ്റ്റ് ഗാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ പാക്കിസ്ഥാനിലെ ചാര സംഘടനയ്ക്ക് കൈമാറുന്നു എന്ന വിവരം തീവ്രവാദ വിരുദ്ധസേന മണത്തറിഞ്ഞു. പിന്നാലെ അന്വേഷണവും തുടങ്ങി. അധികം വൈകാതെ തന്നെ ദീപേഷ് അറസ്റ്റിലായി. ദീപേഷ് സംവദിച്ചിരുന്ന മൊബൈൽ നമ്പർ പാക്കിസ്ഥാനിലേതാണെന്ന് വ്യക്തമായിട്ടുണ്ട്.
ഓഖ തീരത്ത് നിർത്തിയിട്ടിരുന്ന കപ്പലുകളിൽ ദീപേഷിന് കയറാൻ കഴിയുമായിരുന്നു. എന്നാൽ ഇയാൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് ദിവസവും 200 രൂപ വീതം എത്തിക്കൊണ്ടിരുന്നത്. വെൽഡിങ് ജോലികൾക്ക് ലഭിക്കുന്ന കൂലിയാണ് ഇത് എന്നായിരുന്നു സുഹൃത്തിനോട് ദീപേഷ് പറഞ്ഞത്. പാക്കിസ്ഥാൻ നാവികസേനയോ, ഐ എസ് ഐയോ ആയിരിക്കാം ദീപേഷിന് പണം നൽകി വിവരങ്ങൾ ശേഖരിച്ചത് എന്നാണ് തീവ്രവാദ വിരുദ്ധസേനയുടെ വിലയിരുത്തൽ.