X

രാഹുലും സോണിയയും വിദേശത്ത്; കര്‍ണാടക മന്ത്രിസഭാ വികസനം വൈകുമെന്ന് സൂചന

ബംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാറിന്റെ മന്ത്രിസഭാ വികസനം വൈകുമെന്ന് സൂചന. വകുപ്പു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെങ്കിലും ഹൈക്കമാന്റുമായുള്ള ചര്‍ച്ച വൈകുന്നതാണ് മന്ത്രിസഭാ വികസനം വൈകാന്‍ കാരണമാകുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ വിദേശ പര്യടനത്തില്‍ ആയതിനാല്‍ ഇവര്‍ തിരിച്ചെത്തിയ ശേഷമേ ഹൈക്കമാന്റുമായി ഇനി ചര്‍ച്ച നടക്കൂ. ഒരാഴ്ച കഴിഞ്ഞേ സോണിയയും രാഹുലും ഡല്‍ഹിയില്‍ തിരിച്ചെത്തൂ. ഈ സാഹചര്യത്തില്‍ ജൂണ്‍ നാലിനോ അഞ്ചിനോ മാത്രമേ ഇനി ചര്‍ച്ച നടക്കൂവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

കോണ്‍ഗ്രസ് – ജെ.ഡി.എസ് സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ യോഗം ചേര്‍ന്ന് മന്ത്രിസഭാ വികസനം സംബന്ധിച്ച് ഏകദേശ ധാരണയുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെത്തിയ കുമാരസ്വാമി ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് വകുപ്പു വിഭജനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. എന്നാല്‍ ഹൈക്കമാന്റിനു മുന്നില്‍ ഇത് അവതരിപ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. ആകെയുള്ള 34 മന്ത്രിപദവികളില്‍ 22 എണ്ണം കോണ്‍ഗ്രസിനും 12 എണ്ണം ജെ.ഡി.എസിനുമായി വീതിക്കാന്‍ നേരത്തെ തന്നെ ധാരണയായിരുന്നു. ധനവകുപ്പ് മുഖ്യമന്ത്രി കുമാരസ്വാമി തന്നെ കൈകാര്യം ചെയ്യുമെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ആഭ്യന്തരം ഉപമുഖ്യമന്ത്രി കൂടിയായ പരമേശ്വരക്ക് നല്‍കിയേക്കും. കോണ്‍ഗ്രസില്‍നിന്ന് ആരെയെല്ലാം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണം എന്നതു സംബന്ധിച്ച തീരുമാനങ്ങള്‍ക്കും ഹൈക്കമാന്റിന്റെ അംഗീകാരം ആവശ്യമാണ്.

chandrika: