കോതംഗലത്ത് നിയമം ലംഘിച്ച് അലങ്കരിച്ച ബസില്‍ വിവാഹസംഘത്തെ കൊണ്ടുപോയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.ഇന്ന് രാവിലെയോടെ ആര്‍.ടി.ഒ മുന്‍പാകെ ഹാജരായ ഡ്രൈവര്‍ വീഴ്ച തുറന്ന് സമ്മതിച്ചു.വീശദീകരണം കേട്ട ശേഷമാണ് മോട്ടര്‍ വാഹന വകുപ്പ് നടപടിയിലേക്ക് നീങ്ങിയത്.സുഹ്യത്തിന്റെ കല്ല്യാണം ആയിരുന്നുവെന്നും എല്ലാവരും പറഞ്ഞപ്പോള്‍ അലങ്കാരത്തിന് നിന്നുകൊടുത്തു .അബദ്ധം പറ്റിയ ഡ്രൈവര്‍ റഷീദ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കടുത്ത നിയമലംഘനങ്ങള്‍ നടത്തി കോതമംഗലം നെല്ലിക്കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ കല്യാണ യാത്ര നടന്നത്.ബസ് മുഴുവനും വാഴയും തെങ്ങോലകളും കെട്ടി അലങ്കരിച്ച് എതിരെ വരുന്ന യാത്രക്കാരുടെ കാഴ്ചകള്‍ മറയ്ക്കും വിധത്തില്‍ പറക്കുംതളിക മോഡലിലായിരുന്നു കോതമംഗലം ഡിപ്പോയിലെ ബസിന്റെ ഓട്ടം. കോതമംഗലത്ത് നിന്നും അടിമാലി ഇരുമ്പുപാലത്തേക്കുള്ള ആഘോഷപൂര്‍വമായ യാത്രയുടെ വീഡിയോ വൈറലായതോടെ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പും രംഗത്തെത്തി.ബസിന് മുന്നില്‍ സിനിമയിലേതിന് സമാനമായി താമരാക്ഷന്‍ പിളള എന്ന പേരെഴുതിയ ബോര്‍ഡും വച്ചു. കെഎസ്ആര്‍ടിസിയുടെ പേര് മാറ്റിയായിരുന്നു ഇത്.
കല്യാണ ആവശ്യങ്ങള്‍ക്കും മറ്റും കെഎസ്ആര്‍ടിസി ബസുകള്‍ വിട്ടു കൊടുക്കാറുണ്ട്. എന്നാല്‍ ഞായറാഴ്ച ദിവസങ്ങളില്‍ മാത്രമേ ഇത്തരത്തില്‍ ബസുകള്‍ നല്‍കാവൂ എന്നും, 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും നിബന്ധനയുണ്ട്. ബസില്‍ യാതൊരു തരത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ ബസില്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവുമുണ്ട്. ഇതൊക്കെ കാറ്റില്‍ പറത്തിയായിരുന്നു അലങ്കാരപ്പണികള്‍. സിനിമയിലേതിന് സമാനമായി ബസിന് ചുറ്റും മരച്ചില്ലകള്‍ വച്ചുകെട്ടുകയായിരുന്നു. ബ്രസീല്‍, അര്‍ജന്റീന പതാകകളും ബസിന് മുന്നില്‍ കെട്ടി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ചില പൊതുപ്രവര്‍ത്തകരാണ് കോതമംഗലം പൊലീസിനെ വിവരം അറിയിച്ചത്. മോട്ടോര്‍ വാഹന വകുപ്പിനും ദൃശ്യങ്ങള്‍ കൈമാറിയിരുന്നു.