തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ക്ക് താമസിക്കാന്‍ എട്ട് കോടി ചെലവില്‍ സര്‍ക്കാര്‍ ചെലവില്‍ വീട് നിര്‍മിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്. മേയറായി അധികാരമേറ്റ ഉടന്‍ തന്നെ പൊതുഖജനാവിലെ പണം കൊണ്ട് ആഡംബര വസതി കെട്ടിപ്പൊക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. എന്നാല്‍ നാലരവര്‍ഷം എംഎല്‍എ ആയിരുന്നിട്ടും ഒന്നേമുക്കാല്‍ സെന്റിലെ രണ്ടുമുറി വീട്ടില്‍ താമസിക്കുന്ന ഒരു എംഎല്‍എയുണ്ട് തലസ്ഥാനത്ത്. കോവളം എംഎല്‍എ എം. വിന്‍സന്റ്.
ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ മുക്കാല്‍ കിലോമീറ്റര്‍ കഴിയുമ്പോഴാണു വിന്‍സെന്റിന്റെ വീട്. ഒന്നേമുക്കാല്‍ സെന്റില്‍ 650 ചതുരശ്രയടിയുള്ള വീടിന്റെ മുന്‍ഭാഗത്തെ മേല്‍ക്കൂര ഷീറ്റാണ്. അതിനു പിന്നില്‍ രണ്ടു മുറി. ഒരെണ്ണം അമ്മ ഫില്ലിസിന്. അടുത്ത മുറിയിലാണ് വിന്‍സെന്റ്, ഭാര്യ മേരി ശുഭ, പ്ലസ് ടു വിദ്യാര്‍ഥി ആദിത്യന്‍, പത്താം ക്ലാസ് വിദ്യാര്‍ഥി അഭിജിത്, മൂന്നു വയസ്സുള്ള മകള്‍ ആദ്യ എന്നിവരുടെ പഠിത്തവും കിടത്തവുമെല്ലാം.
അച്ഛന്‍ മൈക്കിള്‍ നല്‍കിയ സ്ഥലത്താണു വിന്‍സെന്റിന്റെ വീട്. മേരി ശുഭയ്ക്കു കുടുംബത്തില്‍ നിന്നു ലഭിച്ച 4 സെന്റില്‍ 7 വര്‍ഷം മുമ്പു കടമുറികള്‍ വച്ചു. അതില്‍ നിന്നുള്ള വരുമാനമാണു പൊതുപ്രവര്‍ത്തനത്തിന്റെ മൂലധനം. ഇതിനിടെ അച്ഛന്റെ അടുത്ത ബന്ധുവില്‍ വിന്‍സെന്റിനു നാലു സെന്റ് സ്ഥലം വാങ്ങേണ്ടിവന്നു. അതു കുടുംബത്തിനു പുറത്തു വില്‍ക്കാനാവാത്തതിനാലാണ് അതു വിന്‍സെന്റിന്റെ പേരിലായത്. അതിനുവേണ്ടി എംഎല്‍എമാര്‍ക്കു വസ്തു വാങ്ങാനും വീടു നിര്‍മിക്കാനുമുള്ള 20 ലക്ഷം രൂപ വായ്പ എടുത്തു. രണ്ടു വായ്പകളും അടച്ചു തീര്‍ക്കാതെ പുതിയൊരു വീടു നിര്‍മിക്കാനാവില്ല.