X

‘രാജ്യംവിടല്‍’ പരാമര്‍ശം; കോലിക്ക് ബി.സി.സി.ഐയുടെ താക്കീത്

മുംബൈ: ‘രാജ്യംവിടല്‍’ പരാമര്‍ശത്തില്‍ വിവാദത്തിലായ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയുടെ താക്കീത്. ഇന്ത്യന്‍ നായകനെന്ന നിലയിലായിരിക്കണം കോലിയുടെ പരുമാറ്റമെന്നും ആരാധകരോടും മാധ്യമങ്ങളോടും വിനയത്തോടെ പെരുമാറണമെന്നും ബിസിസിഐയുടെ ഇടക്കാല ഭരണസമിതി കോലിക്ക് മുന്നറിയിപ്പ് നല്‍കി. ആളുകളോട് മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ അധ്യക്ഷതയിലുള്ള ഇടക്കാല ഭരണസമിതി കോലിയോട് ആവശ്യപ്പെട്ടു.

ഇംഗ്ലീഷ്, ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ ക്രിക്കറ്റ് ആരാധകനോട് ഇന്ത്യ വിട്ടു പോകണമെന്നായിരുന്നു വിരാട് കോഹ്‌ലിയുടെ നിര്‍ദ്ദേശം. തന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തതിനു പിന്നാലെ പ്രസ്തുത ആപ്പില്‍ ആരാധകരുമായി സംവദിക്കുമ്പോഴാണ് കോഹ്‌ലി വിവാദ പരാമര്‍ശം നടത്തിയത്.

കോലിക്ക് അമിത പ്രാധാന്യമാണ് ക്രിക്കറ്റ് ലോകം നല്‍കുന്നതെന്നും, നിങ്ങളേക്കാള്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടീമുകളിലെ താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ കാണാറെന്നുമാണ് ആരാധകന്‍ പറഞ്ഞത്.  ഈ കമന്റിന് എതിരായിരുന്നു കോലിയുടെ ഈ മറുപടി.

‘നിങ്ങള്‍ ഇന്ത്യയില്‍ ജീവിക്കേണ്ട വ്യക്തിയല്ല. അങ്ങനെ ഞാന്‍ കരുതുന്നില്ല. രാജ്യത്ത് നിന്ന് മാറി വേറെ രാജ്യങ്ങളില്‍ ജീവിക്കൂ. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ ആരാധിക്കുന്നത് എന്തിനാണ്..’ എന്നായിരുന്നു ആരാധകന് കോലിയുടെ മറുപടി. ഇതില്‍ വിശദീകരണവുമായി കോലി രംഗത്തെത്തിയെങ്കിലും സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം അരങ്ങേറുകയായിരുന്നു. ഇതോടെയാണ് ബിസിസിഐയുടെ ഇടക്കാല ഭരണസമിതി ഇക്കാര്യത്തില്‍ ഇടപെട്ടത്.

chandrika: