ന്യൂഡല്‍ഹി: നേരം ഇരുട്ടി വെളുത്തപ്പോഴേക്കും പൈതൃക കുടീരം ക്ഷേത്രമായി. ഡല്‍ഹിയിലെ പുരാതന ശവകുടീരത്തിലാണ് വര്‍ഗീയ ശക്തികളുടെ വിളയാട്ടം നടന്നത്. നാളിതുവരെ കുടീരമായിരുന്ന കെട്ടിടം പെട്ടന്നൊരു ദിവസം ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. കാടുമൂടി കിടന്നിരുന്ന കെട്ടിടത്തില്‍ പെയിന്റടിച്ച് ശിവക്ഷേത്രമാക്കി മാറ്റി.
പൈതൃക സ്മാരകമായ കുടീരം ക്ഷേത്രമാക്കി മാറിയ സംഭവത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെചെയ്തതിന് പിന്നാലെയാണ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
സഫ്ദര്‍ജംഗിലെ ഹുമയൂണ്‍പുരിലാണ് പുരാതനമായ ശവകുടീരം ക്ഷേത്രമായി മാറിയത്. ഇതേതുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ട്ട് കള്‍ച്ചര്‍ ആന്‍ഡ് ലാംഗ്വേജ് വകുപ്പ് സെക്രട്ടറിയോട് ഉപമുഖ്യമന്ത്രി ആവശ്യപ്പെട്ടത്. പൈതൃക സ്വത്തുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും രൂപമാറ്റം വരുത്തുന്നതും ഗുരുതരമായ നിയമ ലംഘനമാണെന്ന് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ മന്ത്രി അറിയിച്ചു. പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പുരാവസ്തു വകുപ്പിന്റെ ഉത്തരവാദിത്വമാണ്. എന്നാല്‍, ഇതിന് കേടുപാട് വരുത്തിയവര്‍ക്കും രൂപമാറ്റം വരുത്തിയവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കുടീരത്തെ രൂപമാറ്റം വരുത്തി ക്ഷേത്രമാക്കി മാറ്റിയതിന് വര്‍ധിച്ച ഗൗരവത്തോടെ കാണും. ഈ രൂപമാറ്റത്തിലൂടെ പൈതൃക സ്വത്ത് സംബന്ധിച്ച നിയമം ലംഘനം മാത്രമല്ല നടത്തിയിരിക്കുന്നത്. മേഖലയിലെ സമാധാനന്തരീക്ഷം തകര്‍ക്കുകയും ഇതിലൂടെ ലക്ഷ്യമാക്കിയിരുന്നതായി മന്ത്രി പറഞ്ഞു.