X

ഈ മനോഹര തീരത്ത് ഒരു മൂന്നാമൂഴം- കെ.എന്‍.എ ഖാദര്‍

കെ.എന്‍.എ ഖാദര്‍

സഖാക്കളുടെ മനസില്‍ പണ്ട് അണയാതെ സൂക്ഷിച്ചിരുന്നൊരു കനലുണ്ടായിരുന്നു. ആവശ്യമുള്ളപ്പോള്‍ ആ കനല്‍ ഊതിയൂതിയൊരു കത്തുന്ന തീപന്തമാക്കാന്‍ അന്നവര്‍ക്ക് ഉശിരുണ്ടായിരുന്നു. വിപ്ലവത്തിന്റെ ആ അഗ്നിശലാകകള്‍ പിന്നീടെപ്പോഴോ അണഞ്ഞുപോയി. എന്നെന്നേക്കുമായി. കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിന്റെയും ഭരണകക്ഷിയുടെയും വര്‍ഗ സ്വഭാവം അവര്‍ പലതവണ വിലയിരുത്തിയിട്ടുള്ളതാണ്. വര്‍ഗീയ വംശീയ ഫാഷിസ്റ്റ് ഏകാധിപത്യ വലതുപക്ഷ മുതലാളിത്ത ഗണത്തിലാണവര്‍ കൃത്യമായി അവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതില്‍ ശരികേടില്ല. വല്ലതും കൂടുതല്‍ ചേര്‍ത്ത് വിശേഷണങ്ങള്‍ ഇനിയും പൊലിപ്പിക്കാവുന്നതാണ്. അതായത് സഖാക്കളുടെ ആ താത്വികമായ അവലോകനം സത്യമാണെന്നര്‍ത്ഥം. ഏതായാലും അതില്‍ ഒന്നും കുറക്കാനില്ല, വല്ലതും കൂട്ടാനെ ഉള്ളു.

അപ്പോള്‍ പിന്നെ ഗവര്‍ണര്‍ ആരാ? അത്തരം ഒരു സര്‍ക്കാറിന്റെ തനി പ്രതിരൂപം. മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ മോദിയുടെ കേരളീയ അവതാരം. ഇടതുപക്ഷ സര്‍ക്കാറിനോട് അദ്ദേഹത്തിന് സാധാരണനിലയില്‍ പ്രണയം കാണുമോ? സര്‍ക്കാറിന് അദ്ദേഹത്തോടും മമത പാടുണ്ടോ? ഗവര്‍ണര്‍ എന്നത് ഭരണഘടനാ പദവിയാണ്. ജനങ്ങളും ജനപ്രതിനിധികളും കൈകൂപ്പി നില്‍ക്കുന്നത് ഭരണഘടനയുടെ മുന്നിലാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയുടെ മുന്നിലല്ല. ഭരണഘടനയോട് അത്ര വലിയ ബഹുമാനമൊന്നും ഇല്ലാത്തവരായതുകൊണ്ടാണോ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിച്ചുകൊടുക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ജനംതന്ന അധികാരത്തില്‍ നിയമാനുസൃതല്ലാത്ത കാര്യങ്ങളും ഉള്‍പ്പെടുമോ? നിയമങ്ങളും ചട്ടങ്ങളും മറികടന്ന് നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഗവര്‍ണരുടെ അംഗീകാരം തേടിയപ്പോള്‍ ചാന്‍സലര്‍ പദവിയില്‍ ഇനി താനിരിക്കില്ലെന്ന് രാജ്യമാകെ വിളിച്ചുപറഞ്ഞ് പിണങ്ങിപ്പോയ അദ്ദേഹം അവിടെതന്നെ ഇരിക്കുന്നു. ആ ജോലികള്‍ ചെയ്യുന്നു. എപ്പോഴാണ് അദ്ദേഹം മടങ്ങിവന്നത്. എങ്ങിനെയാണദ്ദേഹം ഇണങ്ങിയത്? എന്തിനാണ് അദ്ദേഹം പിണങ്ങിയത്? നാട്ടുകാര്‍ക്കറിയില്ല, വി. സിമാരെയും പി.വി.സിമാരെയും പ്രൊഫസര്‍മാരെയുമൊക്കെ യോഗ്യതയില്ലെങ്കിലും ഈ സര്‍ക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം അദ്ദേഹം നിയമിക്കാന്‍ തയ്യാറായത് എങ്ങനെ? അദ്ദേഹം പറയുന്നതെല്ലാം സമ്മതിച്ചുകൊടുക്കാന്‍ സര്‍ക്കാറും സര്‍ക്കാര്‍ പറയുന്നതെല്ലാം നിര്‍വഹിച്ചുകൊടുക്കാന്‍ അദ്ദേഹവും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ എന്താണ്? ഉണ്ടെങ്കില്‍ അത് നിയമാനുസൃതമാകുന്നതെങ്ങിനെ? കെ.ആര്‍ ജ്യോതിലാല്‍ എന്ന മികച്ച ഐ.എ.എസ് ഓഫീസറെ ഗവര്‍ണര്‍ ആവശ്യപ്പെട്ടുവെന്ന് പറഞ്ഞ് മാറ്റിക്കൊടുത്തത് ചട്ടവിരുദ്ധമാണ്. സംസ്ഥാനത്തിന്റെ മഹാനായ ഗവര്‍ണര്‍ അത്രയും നിസാരകാര്യങ്ങള്‍ ആവശ്യപ്പെടുമെന്ന് വിശ്വസിക്കാന്‍ തോന്നുന്നില്ല. തങ്ങളുടെ അപ്രീതിക്ക് പാത്രീഭവിച്ച ഉദ്യോഗസ്ഥരെ മാറ്റാന്‍ ഗവര്‍ണര്‍മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നത് നല്ല കീഴ്‌വഴക്കമല്ല. താന്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെന്ന് ഇപ്പോള്‍ ഗവര്‍ണര്‍ പറയുന്നു. സര്‍ക്കാര്‍ അതിന് മറുപടി പറയണം. പൊതുഭരണ വകുപ്പ് സെക്രട്ടറിയെ എന്തുകൊണ്ട് സര്‍ക്കാര്‍ പ്രതിരോധിച്ചില്ല. രണ്ടു ദിവസം കാത്തുനില്‍ക്കാനെങ്കിലും കരുത്തില്ലാതെപോയത് എന്തുകൊണ്ടാണ്. ഗവര്‍ണര്‍ ഒപ്പിട്ട നയപ്രഖ്യാപന പ്രസംഗം അദ്ദേഹം നിശ്ചിത തിയ്യതിക്ക് തന്നെ നടത്തുമായിരുന്നു. അതുകാണാന്‍ കാത്തിരിക്കണമായിരുന്നു. കണ്ണൂര്‍ വി.സി നിയമന വിഷയത്തില്‍ ഗവര്‍ണരുടെ സത്യവാങ്മൂലം ഈ സര്‍ക്കാറിനെ പേടിച്ചെഴുതിയതല്ല. താന്‍ ചെയ്തത് നിയമപ്രകാരമായിരുന്നില്ലെന്ന് ബുദ്ധിയുള്ള ആരെങ്കിലും കോടതിയില്‍ അഫിഡവിറ്റ് കൊടുക്കുമോ? അതോടെ ജോലി തീര്‍ന്നില്ലേ? സര്‍ക്കാറും ഗവര്‍ണരും ഒത്തുകളിച്ച് പരസ്പരം സഹായിച്ച് മുന്നോട്ടുപോകുമ്പോള്‍ എം.എം മണിയും എ.കെ ബാലനുമൊക്കെ വിലകുറഞ്ഞ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ പരിഹസിക്കുന്നത് ആര് പറഞ്ഞിട്ടാണ്.

ബാലനും കൃഷി മന്ത്രിയും ചേര്‍ന്ന് ഗവര്‍ണറെ കാണാന്‍ പോയി. ഒരു പ്രശ്‌നം പരിഹരിക്കാനുണ്ടായിരുന്നത്രെ. അദ്ദേഹത്തിനവര്‍ ഒരു കേക്ക് സമ്മാനിച്ചതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നത്രെ. ഇത് നടന്നതോ അല്ലാത്തതോ ആവാം. കൊടുത്തത് വിളിച്ചു പറയുന്നതെത്ര പരിഹാസ്യം. ഇത്തരക്കാരോട് അത് വാങ്ങിയതെത്ര മൗഢ്യം. എം.എം മണി പറഞ്ഞത് അഞ്ചു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചു അവസാനം ബി.ജെ.പിയോട് ചേര്‍ന്നയാളാണ് ആരിഫ് മുഹമ്മദ് ഖാന്‍ എന്നാണ്. അങ്ങിനെയുള്ള അദ്ദേഹവുമായി സന്ധിചെയ്ത് മുന്നോട്ടുപോകുന്നത് കേരള സര്‍ക്കാറാണ്. അങ്ങിനെയിരിക്കെ ഈ വിമര്‍ശനങ്ങള്‍ ആരെ വിഡ്ഢിയാക്കാനാണ്. ചിലര്‍ പറയുന്നത് ഇനി മുതല്‍ കേരളത്തിലെ ഇടതു സര്‍ക്കാറും ഭരണകക്ഷിയും ഗവര്‍ണറോട് സന്ധിചെയ്യാതെ പൊരുതുമെന്നാണ്. തീര്‍ത്തും അവിശ്വസനീയമായ നിഗമനമാണിത്. ബാലന്‍ ഇപ്പോഴും വളരുന്നില്ലെന്നും ബാലിശമായത് പറയുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ പമ്മിപ്പോയ ബാലനെയാണ് പിന്നെ കണ്ടത്. മണിക്ക് മറുപടിയൊന്നും ഗവര്‍ണര്‍ കൊടുത്തുകണ്ടില്ല. പ്രതിപക്ഷ നേതാവിന് എതിരെ പറഞ്ഞതിനെല്ലാം അദ്ദേഹം ചുട്ട മറുപടി കൊടുത്തു. കാനം രാജേന്ദ്രന്‍ ഈ വിഷയത്തിലും ഗവര്‍ണര്‍ക്കെതിരെ വാളെടുത്തു. ഇതെല്ലാം ഒരു തമാശയായി കണ്ടാല്‍ മതി. ഗവര്‍ണരും സര്‍ക്കാറും തമ്മില്‍ ഒരു വഴക്കുമില്ല. ആര്‍ക്കോ വേണ്ടിയും ആരെയോ പ്രീതിപ്പെടുത്താനും ഗവര്‍ണര്‍ ചിലത് പറയുന്നു. അതേ കാരണത്താല്‍ ഇടതുമുന്നണി നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ മറ്റു ചിലത് പറഞ്ഞ് ആത്മസംതൃപ്തി തേടുന്നു. ഇതിനെ സത്യാനന്തര കാലത്തെ രാഷ്ട്രീയ രീതകളായി കണ്ടാല്‍ മതി. രണ്ടാം പിണറായി സര്‍ക്കാര്‍ നിലനിര്‍ത്തുവാന്‍ ഇടതുപക്ഷം ഏതറ്റംവരെയും പോകുകതന്നെ ചെയ്യും. എന്തു വിട്ടുവീഴ്ചയും ചെയ്യാന്‍ അവര്‍ ഒരുക്കവുമാണ്. കാനം രാജേന്ദ്രനും സി.പി.ഐയും ഇടക്കിടെ സി.പി.എമ്മിനോടും മുഖ്യമന്ത്രിയോടും ഉടക്കുന്നതുപോലെ നമുക്ക് തോന്നാറില്ലേ. ആ ഇനത്തില്‍പെട്ട ഒരു ബന്ധമാണ് ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ളത്. സി.പി.ഐ അവരുടെ പ്രതിഛായക്ക് മങ്ങലേല്‍ക്കാതെ സി.പി.എം മുന്നണിയില്‍ തുടരാനുള്ള മെയ് വഴക്കമാണ് പ്രദര്‍ശിപ്പിച്ചുവരാറുള്ളത്. ആ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള ഗുസ്തി കാണാന്‍ ടിക്കറ്റെടുത്തവര്‍ക്ക് കാശുപോയതല്ലാതെ ഇതുവരെ വല്ലതും നടന്നോ? ഈ ഗവര്‍ണര്‍ സര്‍ക്കാറിനോടും സര്‍ക്കാര്‍ ഗവര്‍ണറോടും ഇടക്കിടെ നടത്തി കാണിക്കാറുള്ള സന്ധിയും സമരവും അതുപോലൊരു രാഷ്ട്രീയ സാങ്കേതിക വിദ്യയാണ്. ഡല്‍ഹിയിലെ രാജാക്കന്മാരോടുപോലും പിണറായി പിണങ്ങിയതായി അറിവില്ല. ഇന്നേവരെ കേന്ദ്ര സര്‍ക്കാറിനെയോ ബി.ജെ.പി യെയോ അദ്ദേഹം വിമര്‍ശിച്ചതായി ആരെങ്കിലും കേട്ടിട്ടുണ്ടോ? കെ. സുരേന്ദ്രനെ വേണ്ടത്ര പറഞ്ഞ് കാര്യങ്ങള്‍ അവസാനിപ്പിച്ചുകൊള്ളാനാണ് കേന്ദ്രവുമായുള്ള ധാരണ. ഇംഗ്ലണ്ടില്‍ പണ്ട് രാജ്യകുടുംബത്തിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് ഭൃത്യന്മാരുടെ മക്കളെകൂടി അയക്കുമായിരുന്നു. രാജകുമാരന്‍ വികൃതി കാണിച്ചാല്‍ അടിവാങ്ങുന്ന പണിയാണ് ഭൃത്യ പുത്രന്മാര്‍ക്കുണ്ടായിരുന്നത്. രാജകുമാരനെ ശിക്ഷിക്കാന്‍ അധ്യാപകര്‍ക്ക് അധികാരമുണ്ടായിരുന്നില്ല. മോദിയും അമിത്ഷായും തെറ്റു ചെയ്താല്‍ മുഖ്യമന്ത്രിക്ക് വേണമെങ്കില്‍ സുരേന്ദ്രനെ വിമര്‍ശിച്ച് തൃപ്തിയടയാനേ അവകാശമുള്ളു. ഇതൊക്കെ ഗവര്‍ണര്‍ക്കുമറിയാം. മമതാബാനര്‍ജിയും എം.കെ സ്റ്റാലിനുമൊക്കെ വേറൊരു ജനുസ്സാണ്. അവര്‍ അടിസ്ഥാനകാര്യങ്ങളില്‍ സന്ധി ചെയ്യാറില്ല. ബി. ജെ.പിയുടെ ഭരണകാലത്ത് ഗവര്‍ണര്‍ ആരായാലും അവരോട് പിണങ്ങാന്‍ ഈ സര്‍ക്കാറിന് സാധ്യമല്ല. കയ്യിലിരിക്കുന്ന രണ്ടാം ഊഴം പരിക്കേല്‍ക്കാതെ നിലനിര്‍ത്തുന്നതോടൊപ്പം ഒരു മൂന്നാം ഊഴം വരെ പിണറായി സ്വപ്‌നം കണ്ട് തുടങ്ങിയിരിക്കുന്നു.

Test User: