പാലക്കാട്: സിക്കിമില്‍ ട്രക്ക് അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. മാത്തൂര്‍ ചുങ്കമന്ദം യു.പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം സൈനിക ബഹുമതികളോടെ തിരുവില്വാമല പാമ്പാടി ഐവര്‍മഠം ശ്മാശനത്തിലാണ് ഭൗതിക ശരീരം സംസ്‌കരിച്ചത്.
ഭാര്യ ഗീതു സൈനികോദ്യോഗസ്ഥരില്‍നിന്ന് വൈശാഖിന്റെ യൂണിഫോം ഏറ്റുവാങ്ങി. എല്ലാറ്റിനും സാക്ഷിയായി ഒന്നരവയസ്സുകാരനായ മകന്‍ തന്‍വിക്കും. ഇരുവരും വൈശാഖിന് അന്ത്യചുംബനം നല്‍കിയപ്പോള്‍ ആര്‍ക്കും ദു:ഖം അടക്കാനായില്ല.
വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി സര്‍ക്കാറിന് വേണ്ടി റീത്ത് സമര്‍പ്പിച്ചു. എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.ഡി പ്രസേനന്‍, പി.പി സുമോദ്, അഡ്വ.കെ.ശാന്തകുമാരി, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു. വൈശാഖിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറുകണക്കിനാളുകളാണ് വീട്ടിലും ചുങ്കമന്ദം സ്‌കൂളുകളിലുമായെത്തിയത്. ഡിസംബര്‍ 25 രാത്രി 9.30ഓടെയാണ് ഭൗതികശരീരം മാത്തൂര്‍ ചെങ്ങണിയൂര്‍കാവിലെ വൈശാഖിന്റെ വീട്ടിലെത്തിച്ചത്. വാളയാര്‍ അതിര്‍ത്തിയില്‍ മന്ത്രി എം.ബി രാജേഷ് ഭൗതികദേഹം ഏറ്റുവാങ്ങി മുഖ്യമന്ത്രിക്ക് വേണ്ടി റീത്ത് സമര്‍പ്പിച്ചു.