X

ശുക്രനിലേക്ക് ആയിരം പേര്‍; ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ പുതിയ പദ്ധതിയുമായി ഓഷന്‍ഗേറ്റ് സഹസ്ഥാപകന്‍

ആഴക്കടലിലെ ടൈറ്റാനിക് സന്ദര്‍ശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടല്‍ മാറുന്നതിനു മുന്‍പു പുതിയ പദ്ധതിയുമായി ഓഷന്‍ഗേറ്റ് സഹസ്ഥാപകന്‍ ഗില്ലര്‍മോ സോണ്‍ലൈന്‍. ശുക്രന്റെ അന്തരീക്ഷത്തില്‍ താമസിക്കലാണു പുതിയ പദ്ധതി. 2050 ഓടുകൂടി 1000 ആളുകളെ ശുക്രന്റെ അന്തരീക്ഷത്തിലേക്ക് അയയ്ക്കാനാണു ഗില്ലര്‍മോ സോണ്‍ലൈന്‍ ലക്ഷ്യംവയ്ക്കുന്നത്. ശുക്രനില്‍ ജനങ്ങള്‍ താമസിക്കുന്നതു തന്റെ ആഗ്രഹമാണെന്നും 2050 ഓടുകൂടി പദ്ധതി നടപ്പില്‍ വരുത്താന്‍ കഴിയുമെന്നും ഗില്ലര്‍മോ സോണ്‍ലൈന്‍ ബിസിനസ് ഇന്‍സൈഡറിനോടു പറഞ്ഞു.

ഓഷന്‍ഗേറ്റിനെ മറക്കു, ടൈറ്റനെ മറക്കു, സ്‌റ്റോക്ടനെ മറക്കു, വലിയ മുന്നേറ്റത്തിന്റെ വക്കിലാണു മനുഷ്യകുലം. ശുക്രന്റെ പ്രതലത്തില്‍നിന്ന് 30 മൈലുകള്‍ക്കു മുകളില്‍ മനുഷ്യര്‍ക്കു താമസിക്കാന്‍ കഴിയും, അവിടെ താപനിലയും സമ്മര്‍ദ്ദവും കുറവായിരിക്കും”സോണ്‍ലൈന്‍ പറഞ്ഞു. അതേസമയം പുതിയ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നത് ഓഷന്‍ഗേറ്റല്ല. സോണ്‍ലൈന്റെ ഹ്യൂമന്‍സ്2വീനസ് എന്ന കമ്പനിയാണു ശുക്രനിലേക്കു മനുഷ്യരെ അയക്കുന്നതിനു പിന്നില്‍. 2020ലാണു കമ്പനി രൂപീകരിച്ചത്. ശുക്രന്റെ അന്തരീക്ഷത്തില്‍ സ്ഥിരമായ മനുഷ്യവാസം ഉറപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഭൂമിയോടു സമാനമായ ഗുരുത്വാകര്‍ഷണം, 0-50 ഡിഗ്രി സെല്‍ഷ്യസ് താപനില തുടങ്ങിയവ അനുകൂല കാര്യങ്ങളാണെന്നു ഹ്യമൂന്‍സ്2വീനസ് വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നു.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ ആഴക്കടലിലേക്കുപോയ സമുദ്രപേടകം ടൈറ്റന്‍ തകര്‍ന്നതിനു പിന്നാലെ തങ്ങളുടെ എല്ലാ പര്യവേക്ഷണ, വാണിജ്യ പരിപാടികളും നിര്‍ത്തിവച്ചതായി ഓഷന്‍ഗേറ്റ് കമ്പനി പ്രഖ്യാപിച്ചിരുന്നു. ടൈറ്റന്‍ സമുദ്രപേടകം കടലിലിറങ്ങി 2 മണിക്കൂറിനുള്ളില്‍ത്തന്നെ മദര്‍ഷിപ്പുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രകമ്പനി എന്‍ഗ്രോയുടെ വൈസ് ചെയര്‍മാനും ശതകോടീശ്വരനുമായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലൈമാന്‍, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരന്‍ പോള്‍ ഹെന്റി നാര്‍സലേ, ഓഷന്‍ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്‌റ്റോക്ടന്‍ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്. സമുദ്രാന്തര്‍ഭാഗത്തു വച്ച് പേടകം ഉള്‍വലിഞ്ഞ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 5 പേരും മരിച്ചിരുന്നു.

webdesk13: