ഛത്തിസ്ഗഢില്‍ കന്നുകാലികളെ കൊണ്ടുപോകുന്നതിനിടെ ഗോരക്ഷക ഗുണ്ടകളുടെ ക്രൂര ആക്രമണത്തിന് ഇരയായ മൂന്നാമനും മരിച്ചു. പത്ത് ദിവസം അബോധാവസ്ഥയില്‍ കഴിഞ്ഞ സദ്ദാം ഖുറേഷി (23) ആണ് ചൊവ്വാഴ്ച റായ്പൂരിലെ ശ്രീബാലാജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ മരിച്ചത്.
അതേസമയം, ആള്‍ക്കൂട്ട ആക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിട്ടും ഒരു പ്രതിയെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ജൂണ്‍ ഏഴിന് 3 പേരെയും റായ്പൂരില്‍വെച്ചാണ് ആക്രമിച്ചത്. സദ്ദാം ഖുറേഷിയുടെ ബന്ധുക്കളായ ഗുഡ്ഡു ഖാന്‍ (35), ചാന്ദ് മിയ ഖാന്‍ (23) എന്നിവര്‍ അതേ ദിവസം കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടക്കുമ്പോള്‍ സഹായം തേടി ഖുറേഷി ബന്ധു ഷുഹൈബിനെ ഫോണില്‍ വിളിച്ചിരുന്നു. വിളിച്ചതിന് ശേഷം പോക്കറ്റില്‍ സൂക്ഷിച്ച ഫോണില്‍നിന്ന് ”എന്നെ തല്ലല്ലേ, കുടിക്കാന്‍ കുറച്ചു വെള്ളം തരൂ”വെന്നും പിന്നീട് ചിലര്‍ ”എവിടെ നിന്നാണ് കൊണ്ടുവന്നത്, നിന്നെ വെറുതെ വിടില്ല” എന്നും പറയുന്നത് കേട്ടിരുന്നുവെന്ന് ഷുഹൈബ് പറഞ്ഞു.
ആരോഗ്യം മെച്ചപ്പെട്ടാല്‍ ഖുറേഷിയുടെ മൊഴിയെടുക്കുമെന്നാണ് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നത്. വധശ്രമത്തിനും മനഃപൂര്‍വമുള്ള നരഹത്യക്കുമാണ് പൊലീസ് കേസെടുത്തത്. ജൂണ്‍ ഏഴിന് രാത്രി ഏഴുമണിക്ക് അബോധാവസ്ഥയിലാണ് ഖുറേഷിയെ ആശുപത്രിയില്‍ എത്തിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തലക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ദീപക് ജയ്‌സ്വാള്‍ പറഞ്ഞു.