X

നവീന്‍ ബാബുവിന് കണ്ണീരോടെ യാത്രയയപ്പ്; ചിതയ്ക്ക് തീ കൊളുത്തിയത് പെണ്‍മക്കള്‍

അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് കണ്ണീരോടെ വിട നല്‍കി ജന്മനാട്. മലയാലപ്പുഴയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. പെൺമക്കളായ നിരുപമയും നിരഞ്ജനയുമാണ് അന്ത്യകർമങ്ങൾ ചെയ്തതും ചിതയിലേക്കു തീ പകർന്നതും.കത്തുന്ന ചിതയ്ക്കു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും വിങ്ങിപ്പൊട്ടി. പെൺമക്കളെ ഉൾപ്പെടെയുള്ളവരെ എങ്ങനെ സാന്ത്വനിപ്പിക്കും എന്നറിയാതെ ഏവരും സങ്കടത്തിലായി.

സഹപ്രവര്‍ത്തകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി വീട്ടില്‍ എത്തിയത്. ഇന്നലെ വൈകുന്നേരത്തോടെ പത്തനംതിട്ടയിലെത്തിച്ച മൃതദേഹം രാവിലെ കലക്ടേററ്റില്‍ പൊതുദര്‍ശനത്തിന് വച്ചു. അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ മിക്കവരും വിതുമ്പി. പതിനൊന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. അവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. പെണ്‍മക്കളാണ് അന്ത്യ കര്‍മം നടത്തിയത്.

കണ്ണൂരില്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ വേദിയിലെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയാണ് എഡിഎം നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദിവ്യ അപമാനിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. നവീന്‍ ഒരിക്കലും ഇത്തരത്തിലൊരു അഴിമതി ചെയ്യില്ലെന്നായിരുന്നു സഹപ്രവര്‍ത്തകരുടെ സാക്ഷ്യപ്പെടുത്തല്‍. പത്തനംതിട്ടയില്‍ എഡിഎം ആയി ചുമതലയേറ്റെടുക്കേണ്ടതായിരുന്നു നവീന്‍. അതിനിടെയാണ് നവീന്‍ ജീവനൊടുക്കിയത്.

വിരമിക്കാന്‍ വെറും ഏഴുമാസം മാത്രം അവശേഷിക്കേ, സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് അദ്ദേഹം പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയത്. 19ാംവയസില്‍ എല്‍ഡി ക്ലാര്‍ക്കായിട്ടാണ് നവീന്‍ ബാബു സര്‍വീസിലെത്തുന്നത്. മിതഭാഷി, എല്ലാവരോടും സൗഹൃദത്തോട് കൂടി മാത്രം ഇടപെടുന്നയാള്‍. നവീനെക്കുറിച്ച് എല്ലാവര്‍ക്കും പറയാന്‍ നല്ലത് മാത്രം. പത്തനംതിട്ട മുന്‍ കലക്ടര്‍ പിബി നൂഹ്, ദിവ്യ എസ് അയ്യര്‍ ഉള്‍പ്പടെയുള്ളവര്‍ നവീനെ പ്രവര്‍ത്തനങ്ങളെ സാമൂഹിക മാധ്യമങ്ങളില്‍ അനുസ്മരിച്ചിരുന്നു

അതേസമയം, നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്‌ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. ദിവ്യയെ പ്രതി ചേര്‍ത്ത് കണ്ണൂര്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

webdesk13: