എറണാകുളത്ത് യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. വടക്കന്‍ പറവൂര്‍ സ്വദേശിയായ മാനവ് (17) ആണ് മരിച്ചത്. പുത്തന്‍വേലിക്കരയിലെ ഇളന്തിക്കര മണല്‍ ബണ്ടിന് സമീപമായിരുന്നു അപകടം. മാനവ് അണ്ടര്‍ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇന്നലെയായിരുന്നു അപകടം. വൈകിട്ടു നാല് മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് മാനവ് ഇവിടെ എത്തിയത്. പുഴയില്‍ ഇറങ്ങിയ മാനവ് മുങ്ങിപ്പോകുന്നതു കണ്ട് സുഹൃത്തുകികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാനവ് പുഴയിലേക്ക് താഴ്ന്നുപോയി. നാട്ടുകാരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം മാനവിനെ കണ്ടെത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.