X

പൊലീസ് പിന്തുടര്‍ന്ന് കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം; മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. വിദ്യാര്‍ഥികളെ പിന്തുടര്‍ന്ന എസ്‌ഐ ഉള്‍പ്പെടെ മൂന്നു പേരെയാണ് സ്ഥലം മാറ്റിയത്. എസ്‌ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായായി സ്ഥലം മാറ്റിയത്.

അംഗഡിമൊഗര്‍ ജി.എച്ച്.എസ്.എസ്സിലെ പ്ലസ് ടു വിദ്യാര്‍ഥി ഫര്‍ഹാസ് ആണ് അപകടത്തില്‍ മരിച്ചത്. ഇതിനു പിന്നാലെ പൊലീസ് പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണമായതെന്ന് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ കുമ്പള പൊലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മീഷനും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ സാഹചര്യത്തിലാണ് നടപടി.

പൊലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തി. പൊലീസ് കിലോമീറ്ററുകളോളം വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ചെയ്‌സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് പോകുന്നതിനിടെ അപകടമുണ്ടായത്. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ തലകീഴായി മറിയുകയായിരുന്നു. നാല് വിദ്യാര്‍ത്ഥികളാണ് കാറിലുണ്ടായിരുന്നത്. വാഹനപരിശോധനയ്ക്കിടെ വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പൊലീസ് പിന്തുടരുന്നതിനിടെ ഫര്‍ഹാസ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വാഹനം പൊലീസ് പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അപകടത്തില്‍ ഫര്‍ഹാസിന് മാത്രമാണ് ഗുരുതരമായി പരിക്കേറ്റിരുന്നത്.

webdesk13: