X
    Categories: MoreViews

ഒരു ജൂത വൃദ്ധയും മുസ്ലിം ചെറുപ്പക്കാരും; അപൂര്‍വമായ ആത്മബന്ധത്തിന്റെ കഥ

ഫസീല മൊയ്തു

മനുഷ്യര്‍ തമ്മിലുള്ള ഇടപാടുകളും ഇടപെടലുകളും വലിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന കാലമാണ്. ജീവിതത്തിന്റെ സ്വഭാവികതകള്‍ പോലും കുടുസ്സായ ചിന്തകളുടെ കള്ളികളാല്‍ വേര്‍തിരിക്കപ്പെടുകയും, സ്‌നേഹത്തിനും സന്തോഷത്തിനും പുഞ്ചിരിക്കും സഹായത്തിനുമെല്ലാം ഉപാധികള്‍ വെക്കപ്പെടുകയും ചെയ്യുന്ന കാഴ്ചകള്‍ കാണാം ചുറ്റിലും. മുസ്ലിംകളെ ഇഷ്ടമാണ് എന്ന നിഷ്‌കളങ്കമായ പ്രസ്താവനക്ക്, ജീവന്‍ കൊണ്ട് പിഴയൊടുക്കേണ്ടി വന്ന പെണ്‍കുട്ടിയെ പറ്റിയുള്ള വാര്‍ത്ത ഏല്‍പ്പിച്ച പൊള്ളലിന്റെ ചൂട് മാഞ്ഞിട്ടില്ല. പരസ്പരം വെറുപ്പോടെ, സംശയത്തോടെ നോക്കണമെന്നു നിര്‍ബന്ധിക്കുന്ന ഇരുട്ടിന്റെ വക്താക്കള്‍ കൊലവാളുകളുമായി റോന്തു ചുറ്റുമ്പോള്‍, പ്രതീക്ഷയുടെ നേരിയ വെളിച്ചം പോലും വലിയ ആശ്വാസമാണ്. എന്നാല്‍, അത്തരത്തിലുള്ള വലിയൊരു വെളിച്ചത്തെ, നേരില്‍ പകര്‍ത്തുകയാണ് സംവിധായകന്‍ ശരത് കൊട്ടിക്കല്‍ ‘സാറാ ത്വാഹാ തൗഫീഖ്’ എന്ന ഡോക്കുമെന്ററിയില്‍.

ഇസ്രാഈലും ഫലസ്തീനും തമ്മിലുള്ള സംഘര്‍ഷം ജൂതഇസ്ലാം മതങ്ങള്‍ തമ്മിലുള്ള യുദ്ധമായി വായിക്കപ്പെടുന്ന കാലത്ത്, പ്രായം ചെന്ന ഒരു ജൂത സ്ത്രീയും രണ്ട് മുസ്ലിം ചെറുപ്പക്കാരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയ്ക്ക് വലിയ അര്‍ത്ഥ വിതാനങ്ങളുണ്ട്. അതിനെ, അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വലിയ കാന്‍വാസില്‍ പകര്‍ത്തുകയാണ് ശരത് ചെയ്യുന്നത്. മട്ടാഞ്ചേരിയില്‍ ജീവിച്ചിരിക്കുന്ന ജൂതസ്ത്രീയായ സാറയും അവരുടെ ഏറ്റവും അടുത്ത സുഹൃത്തായ ഇസ്ലാം മതവിശ്വാസിയുമായ താഹയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് സംവിധായകന്‍ ശരത് നാലു വര്‍ഷത്തോളമെടുത്ത് തയാറാക്കിയ ഡോക്യുമെന്ററിയിലൂടെ പറഞ്ഞുവെക്കുന്നത്. പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.

മട്ടാഞ്ചേരി ജൂതത്തെരുവിലെ 95വയസ്സുള്ള സ്ത്രീയാണ് സാറ കോഹെന്‍. സാറയുടെ സുഹൃത്തുക്കളാണ് താഹയും തൗഫീക്കും. താഹ സാറയുടെ കെയര്‍ടേക്കറാണ്. സൗത്ത് ഏഷ്യയില്‍ ഹീബ്രു ഭാഷയില്‍ കാലിഗ്രാഫി ചെയുന്ന ഒരേ ഒരു മുസ്ലീമുമാണ് തൗഫീക്ക്. മൂവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴവും പരപ്പും കാണിക്കുന്നതിനൊപ്പം ജൂതമതവും കേരളവും തമ്മില്‍ എത്രത്തോളം ബന്ധപ്പെട്ടുകിടക്കുന്നുണ്ടെന്നും ശരത് അടയാളപ്പെടുത്തുന്നു.

കേരളത്തിലെ ജൂതചരിത്രവും കേരളത്തിലേക്ക് ജൂതന്‍മാരെത്തിയതിനെക്കുറിച്ചുമൊക്കെ ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. 2013ലാണ് ഇതിന്റെ ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ തുടങ്ങുന്നത്. സാറക്കിപ്പോള്‍ 95 വയസ്സായി. പ്രായത്തിന്റെ അവശതകള്‍ അവരെ തളര്‍ത്തുണ്ടെങ്കിലും വലിയൊരു ആത്മസൗഹൃദം സാറയെ താങ്ങുന്നുണ്ട്. സ്വന്തം കുടുംബത്തിലെ ഒരംഗത്തെ നോക്കുന്നതിനേക്കാള്‍ മനോഹരമായാണ് താഹ സാറയെ പരിപാലിക്കുന്നത്. അതിര്‍വരമ്പുകളില്ലാത്ത സൗഹൃദത്തിന്റെ നേര്‍ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ പലപ്പോഴും കണ്ണ് നിറഞ്ഞുവെന്ന് ശരത് ഓര്‍ക്കുന്നു. അപ്രതീക്ഷിതമായാണ് വളരെ പ്രധാന്യമുള്ള ഈ വിഷയം കൈകാര്യം ചെയ്യാന്‍ ശരത് ഒരുങ്ങുന്നത്. ആറേഴുവര്‍ഷം മുമ്പ് സാറയെത്തേടി എറണാംകുളത്തെത്തുകയായിരുന്നു ശരത്. വളരെ അടുത്തറിഞ്ഞപ്പോള്‍, കണ്ടു മനസ്സിലാക്കിയപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന തീവ്രമായ ഒരു വിഷയവുമായി ബന്ധപ്പെട്ടുള്ള ഡോക്യുമെന്ററി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ഇസ്രാഈല്‍ അതിക്രമത്തില്‍ ഫലസ്തീന്‍ ഞെരിഞ്ഞമരുമ്പോഴും, അതിന്റെ തുടര്‍ച്ചയായി ആഗോള തലത്തില്‍ സയണിസ്റ്റ് വിരോധം കത്തുമ്പോഴും സാറ അതിനെക്കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നാണ് ശരത് പറയുന്നത്. കൊച്ചിയിലെ ജൂതത്തെരുവില്‍ സാറയും കുടുംബവും സുരക്ഷിതയായിരുന്നു. സഹോദരനും ഭര്‍ത്താവും വിട്ടുപോയതിനുശേഷവും സൗഹൃദങ്ങളാല്‍ സാറ സമ്പന്നയും സുരക്ഷിതയുമാണ്. അതില്‍ക്കൂടുതല്‍ സുരക്ഷിതത്തെക്കുറിച്ചൊന്നും അവരുടെ ചിന്തയിലില്ല. എത്തിപ്പെട്ട നാട്ടില്‍ നിന്നും തിരിച്ചുപോകണമെന്ന് അവരുടെ ചിന്തകളില്‍ പോലുമില്ലെന്നുമാണ് അവരുമായി അടുത്തപ്പോള്‍ മനസ്സിലായതെന്ന് ശരത് പറയുന്നു.

മലയാള സിനിമകളില്‍ പലപ്പോഴായി ജൂതമതം ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. മലയാളികളുടെ പൊതുബോധത്തില്‍ കയറിക്കൂടിയ ജൂതമതത്തിന്റെ നെഗറ്റീവ് ചിന്തകളാണ് സിനിമകളിലും ദൃശ്യങ്ങളായത്. ഗ്രാമഫോണും എസ്രയുമെല്ലാം വാണിജ്യതാല്‍പ്പര്യവും കൂടി മുന്നോട്ട് വെച്ചപ്പോള്‍ യഥാര്‍ത്ഥ്യങ്ങളില്‍ നിന്നും വ്യതിചലിച്ചു. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമാണ് ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളുമായി വരുന്ന ‘സാറ താഹാ തൗഫീഖ്’ എന്ന ഡോക്യുമെന്ററിയെന്ന് ശരത് വ്യക്തമാക്കുന്നു. വളരെയേറെ തെറ്റിദ്ധരിക്കപ്പെട്ട രണ്ടുമതവിഭാഗങ്ങളിലുള്ളവരുടെ ഹൃദയബന്ധത്തിന്റെ ആവിഷ്‌ക്കാരമാണ് ‘സാറ താഹാ തൗഫീഖ്’. ഇരുമതങ്ങളെക്കുറിച്ചും വ്യാപകമായുള്ള തെറ്റിദ്ധാരണകളെ വലിച്ചുകീറുന്ന കാഴ്ച്ചകളാണ് ഡോക്യുമെന്ററിയിലുടനീളം ശരത് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കൃത്യമായ സമകാലീന രാഷ്ട്രീയവും ഡോക്യുമെന്ററിയിലൂടെ കടന്നുപോകുന്നുണ്ട്. അറിഞ്ഞുകൊണ്ടൊരു മതമോ രാഷട്രീയമോ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ എല്ലാം വ്യക്തമാക്കുന്ന ഒരു പരിസ്ഥിതിയാണ് ഡോക്യുമെന്ററിയിലുള്ളതെന്നാണ് ശരതിന്റെ സാക്ഷ്യം.

അണിയറയില്‍ മികച്ച പ്രതിഭകളാണ് ഡോക്യുമെന്ററിക്കുവേണ്ടി ഒന്നിച്ചിരിക്കുന്നത് എന്നതാണ് ‘സാറ താഹ തൗഫീക്കിന്റെ’ മറ്റൊരു പ്രത്യേകത. ദേശീയ പുരസ്‌കാര ജേതാവായ തോമസ് കോട്ടക്കകമാണ് നിര്‍മ്മാതാവ്. ദൃശ്യഭംഗി ഒപ്പിയെടുത്തിരിക്കുന്നത് വിഷ്ണു തണ്ടാശ്ശേരിയുടെ ക്യാമറയാണ്. അമല്‍നീരദിനും സമീര്‍ താഹിറിനും വേണ്ടി സ്റ്റില്‍ഫോട്ടോഗ്രാഫി ചെയ്തുവരുന്ന വിഷ്ണു ആദ്യമായി ചലനചിത്രം പകര്‍ത്തുന്നു എന്ന പ്രത്യേകതയുണ്ട്. ആമേനിലും സോളോയുമടക്കം നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ചെയ്ത പ്രശാന്ത് പിള്ളയാണ് സാറ താഹ തൗഫീക്കിന് പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. ബാജിറാവു മസ്താനിയിലെ ശബ്ദവിന്യാസത്തിന് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ മലയാളിയായ ജസ്റ്റിന്‍ ജോസാണ് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. ലിജിന്‍ ചെറിയാന്‍ ജേക്കബ് എഡിറ്റിങ് നിര്‍വ്വഹിച്ച ഡോക്യുമെന്ററിയുടെ പോസ്റ്റര്‍ വര്‍ക്കുകള്‍ ജയറാം രാമചന്ദ്രനും ചെയ്തിരിക്കുന്നു.

chandrika: