മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്ന പ്രസ്താവന നടത്തിയ വൊക്കലിഗ സന്യാസി കുമാര ചന്ദ്രശേഖരനാഥ സ്വാമിക്കെതിരെ കേസെടുത്തു. ഡിസംബര്‍ 2ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉപ്പാര്‍പേട്ട് പൊലീസ് സ്വാമിയോട് ആവശ്യപ്പെട്ടു. ഭാരതീയ ന്യായ സന്‍ഹിത സെക്ഷന്‍ 299 പ്രകാരമാണ് ഇവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്വാമിയുടെ പ്രസ്താവന പ്രകോപനപരവും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതുമാണ് എന്ന് പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മുസ്‌ലിംകളുടെ വോട്ടവകാശം റദ്ദാക്കാന്‍ നിയമം കൊണ്ടുവരണമെന്നായിരുന്നു സ്വാമിയുടെ പരാമര്‍ശം. ചൊവ്വാഴ്ച ഭാരതീയ കിസാന്‍ സംഘ് സംഘടിപ്പിച്ച പ്രതിഷേധ റാലിയിലായിരുന്നു വിവാദ പരാമര്‍ശം.
രാഷ്ട്രീയക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും മുസ്ലിം പ്രീണനത്തിലുമാണ് ശ്രദ്ധിക്കുന്നതെന്നും മുസ്ലിംകളുടെ വോട്ടവകാശം റദ്ദാക്കണമെന്നുമാണ് ഇയാളുടെ വിവാദ പ്രസ്താവന.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ബുധനാഴ്ച സ്വാമി മാപ്പപേക്ഷയുമായി രംഗത്തെത്തി. നാക്കുപിഴ സംഭവിച്ചതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം സ്വാമിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി.