മൈസൂരുവിൽ സ്വർണം വിറ്റ് മടങ്ങുകയായിരുന്ന മലപ്പുറം സ്വദേശിയുടെ കാർ തടഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തു. മലപ്പുറം തിരൂരങ്ങാടി കൊടക്കാട്ടെ കരാറുകാരൻ കെ. ശംഷാദാണ് (38) ശനിയാഴ്ച പുലർച്ചെ കുടക് പൊന്നപേട്ട ദേവപുരയിൽ കവർച്ചക്കിരയായത്. സംഭവത്തിൽ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തതായി കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ മടിക്കേരിയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കൊള്ളയടിച്ച സംഭവത്തിൽ ശംഷാദിന്റെ പരാതിയിലും അനധികൃതമായി പണം കടത്തി എന്നതിന് പരാതിക്കാരനെതിരെയുമാണ് കേസുകൾ. ശംഷാദും കോഴിക്കോട് സ്വദേശിയായ വിദ്യാർഥി അഫ്നുവും സഞ്ചരിച്ച കാർ പുലർച്ചെ മൂന്നോടെ ഒരു സംഘം തടഞ്ഞുനിർത്തി മലയാളത്തിൽ പണം ആവശ്യപ്പെടുകയായിരുന്നു. കാറും അവർ കൈക്കലാക്കി.
പുലർച്ച നാലോടെ പത്രവിതരണ വാഹനത്തിൽ കയറിയാണ് ശംഷാദും അഫ്നുവും വീരാജ്പേട്ട പൊലീസ് സ്റ്റേഷനിൽ എത്തിയത്. കവർച്ച നടന്നത് ഗോണിക്കൊപ്പ സ്റ്റേഷൻ പരിധിയിലായതിനാൽ അവിടെ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് നടത്തിയ തിരച്ചിലിൽ അപകടത്തിൽപെട്ട നിലയിൽ കാറും കണ്ടെത്തി. അന്വേഷണത്തിന് അഡീ. എസ്.പി, ഡിവൈ.എസ്.പി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്.പി അറിയിച്ചു.