X

രക്ഷാപ്രവര്‍ത്തകരുടെ മുഖത്തേറ്റ അടി; കുറ്റം ചെയ്ത പൊലീസ് ഗുണ്ടകളെ വെറുതെ വിടില്ല; അബിന്‍ വര്‍ക്കി

ആലപ്പുഴയില്‍ നവകേരള ബസിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് , കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ ,ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളിയ നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. വിഷയത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ മേല്‍നോട്ടത്തിലുള്ള തുടരന്വേഷണത്തിലൂടെ സത്യം പുറത്തുവരും എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരില്‍ കാക്കിയിട്ട ഗുണ്ടകളും ഡിവൈഎഫ്‌ഐ ഗുണ്ടകളും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത് നാടാകെ കണ്ടതാണ്. ഇവരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷേ ഇന്നത്തെ കോടതി വിധിയിലൂടെ ‘രക്ഷാപ്രവര്‍ത്തനത്തെ’ ഏറ്റെടുത്ത പിണറായി വിജയനാണ് കോടതി മറുപടി പറഞ്ഞിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അവസാന ബഞ്ചുവരെ ഈ നിയമ പോരാട്ടം യൂത്ത് കോണ്‍ഗ്രസ് തുടരും. ഭരണകൂട ഭീകരതയുടെ ചുവന്ന ദണ്ഡു വെച്ച് ആക്രമിച്ച കൈകളില്‍ നിയമത്തിന്റെ കയ്യാമം വയ്ക്കും വരെ വിശ്രമരഹിതമായി പോരാടുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിന്‍ വര്‍ക്കി പറഞ്ഞു.

webdesk13: