അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചു ചികിത്സയ്‌ക്കെത്തിയ 7 വയസ്സുകാരിക്ക് പേവിഷബാധയ്ക്കുള്ള കുത്തിവയ്‌പെടുത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കടുത്ത പനിയെ തുടര്‍ന്നാണ് 7 വയസ്സുകാരിയെയും കൂട്ടി അമ്മ ആശുപത്രിയിലെത്തിയത്.
കാഷ്വാല്‍റ്റിയില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ രക്തപരിശോധനയ്ക്ക് നിര്‍ദേശിച്ചു. അമ്മ ഒപി ടിക്കറ്റ് എടുക്കുന്നതിനായി പോയ സമയത്ത് ഇവിടെയുണ്ടായിരുന്ന നഴ്‌സ് കുട്ടിക്ക് പേവിഷബാധയുടെ കുത്തിവയ്പ് നല്‍കുകയുമായിരുന്നു. അമ്മ തിരിച്ചെത്തിയപ്പോഴാണ് കാര്യമറിയുന്നത്. കുട്ടിയുടെ രണ്ടു കയ്യിലും കുത്തിവയ്പ് എടുത്തിരുന്നു.
പൂച്ച കടിച്ചെന്ന് കുട്ടി പറഞ്ഞതിനാലാണ് കുത്തിവയ്‌പെടുത്തതെന്ന് നഴ്‌സ് വിശദീകരിച്ചു. എന്നാല്‍ ഈ സമയം തന്നെ മറ്റൊരു കുട്ടി പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് എടുക്കാന്‍ വന്നിരുന്നു. മാറിപോയതാണെന്ന് പിന്നീടു വ്യക്തമായി. കുട്ടിക്കു മറ്റു കുഴപ്പങ്ങള്‍ ഇല്ലെന്നും പേവിഷബാധയ്ക്കുള്ള കുത്തിവയ്പ് മുന്‍കൂറായി എടുത്താലും പ്രശ്‌നമില്ലെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു.
മാറി കുത്തിവച്ചതിനാല്‍ കുട്ടി ഇപ്പോള്‍ നരീക്ഷണത്തിലാണ്. പനിയുണ്ടെങ്കിലും കുട്ടിക്കു മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇപ്പോഴില്ല. സംഭവത്തില്‍ അങ്കമാലി പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഇവര്‍ അടുത്ത ദിവസം പരാതി നല്‍കുമെന്നും ഇതനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യുമെന്നുമാണ് വിവരം.