X

മഹാരാഷ്ടയിലും എൻ.ഡി.എക്ക് തിരിച്ചടി; അജിത് പവാർ വിളിച്ച യോഗത്തിൽ 5 എം.എൽ.എമാർ എത്തിയില്ല

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ നിന്നും വിട്ടുനിന്ന് 5 എം.എല്‍.എമാര്‍. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും അഞ്ച് പേര്‍ വിട്ടുനിന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാനാണ് അജിത് പവാര്‍ യോഗം വിളിച്ചത്.

എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തിനുള്ളില്‍ ആഭ്യന്തര കലഹമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് 5 എം.എല്‍.എമാര്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നത്. പാര്‍ട്ടിയിലെ നിരവധി എം.എല്‍.എമാര്‍ ശരത് പവാറിനൊപ്പം പോകാന്‍ ഒരുങ്ങുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെ എം.എല്‍.എമാര്‍ യോഗത്തിനെത്താത്തത് അജിത് പവാറിനെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണ്.

ധര്‍മ്മറാവു ബാബ അത്‌റാം, നര്‍ഹരി സിര്‍വാള്‍, സുനില്‍ ടിംഗ്രെ, രാജേന്ദ്ര ഷിംഗനെ, അന്ന ബന്‍സോഡെ എന്നീ എം.എല്‍.എമാരാണ് യോഗത്തിനെത്താത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ എന്‍.സി.പി അജിത് പവാര്‍ വിഭാഗത്തില്‍ കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടി ശക്തികേന്ദ്രമായ ബാരാമതിയില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ സുപ്രിയ സുലെയോട് തോറ്റത് കടുത്ത തിരിച്ചടിയായി.

നാല് ലോക്‌സഭ സീറ്റുകളിലാണ് മഹാരാഷ്ട്രയില്‍ എന്‍.സി.പി അജിത് പവാര്‍ വിഭാഗം മത്സരിച്ചത്. ഇതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിക്കാനായത്. റായ്ഗഢില്‍ മാത്രമാണ് പാര്‍ട്ടിക്ക് നിലംതൊടാനായത്.നേരത്തെ 15ഓളം എം.എല്‍.എമാര്‍ അജിത് പവാര്‍ വിഭാഗത്തില്‍ നിന്നും കൂറുമാറി ശരത് പവാറിനൊപ്പമെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി നേതാക്കള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് എന്‍.സി.പി ശരത് പവാര്‍ വിഭാഗം സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ പറഞ്ഞിരുന്നു. എന്നാല്‍, അവകാശവാദം തള്ളി അജിത് പവാര്‍ രംഗത്തെത്തുകയും ചെയ്തു.

webdesk13: