ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. എന്‍.ഡി.എ സഖ്യത്തെ രാജ്പുത് സമുദായം പൂര്‍ണമായും ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്പുത് സമുദായത്തെ ബി.ജെ.പി അവഗണിച്ചുവെന്നാണ് ആരോപണം.
സംസ്ഥാനത്തെ സഹരണ്‍പുര്‍, ബിജ്‌നോര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ സാന്നിധ്യമുള്ള മുന്നോക്ക വിഭാഗമാണ് രാജ്പുത് സമുദായം. നിലവില്‍ ബി.ജെ.പിയുടെ അവഗണന ചൂണ്ടിക്കാട്ടി എന്‍.ഡി.എ സഖ്യവുമായി സമുദായം ഭിന്നതയിലാണ്. ഈ മണ്ഡലങ്ങള്‍ അടക്കമുള്ള പടിഞ്ഞാറന്‍ യു.പിയില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്പുത് സമുദായ നേതാക്കള്‍ വിളിച്ചു ചേര്‍ത്ത മഹാപഞ്ചായത്തുകളിലാണ് ബി.ജെ.പിയെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനമുണ്ടാവുന്നത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെ ബഹിഷ്‌കരിക്കണം, തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒഴികെയുള്ള നേതാക്കളെ മാറ്റിനിര്‍ത്തണം എന്നിങ്ങനെയാണ് പഞ്ചായത്തിന്റെ നിര്‍ദേശങ്ങള്‍.
ബി.ജെ.പിയുടെ കേന്ദ്ര നേതാക്കള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്ന് സാമുദായിക നേതാക്കള്‍ പ്രതികരിച്ചു. ജാട്ട് സമുദായത്തിന് പ്രാതിനിധ്യമുള്ള ആര്‍.എല്‍.ഡിയുമായി ബി.ജെ.പി സഖ്യം രൂപീകരിച്ചതും സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ജാട്ട്, താക്കൂര്‍ സമുദായക്കാരാണെന്നതുമാണ് രാജ്പുത് സമുദായത്തെ പ്രകോപിപ്പിച്ചത്.