X

വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം; മുഖ്യമന്ത്രിക്ക് നിവേദനം നൽകി വിഡി സതീശൻ

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. വയനാടിന്റെ വിലാപം നമ്മുടെ ഉള്ളുലക്കുന്നതായിരുന്നു. സംസ്ഥനം ഒറ്റക്കെട്ടായി അതിനെ അതിജീവിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസങ്ങളിലാണ് കോഴിക്കോട് വിലങ്ങാട്ടും ഉരുള്‍ പൊട്ടിയത്. ഒരു മഹാദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നപ്പോള്‍ വിലങ്ങാടിന് മതിയായ ശ്രദ്ധ കിട്ടിയിട്ടില്ല. വയനാടിന്റെ വിലാപത്തോട് പ്രതികരിച്ച അതേ രീതിയില്‍ വിലങ്ങാടിന്റെ ദുഖവും നമ്മള്‍ കാണണം.

വളരെ അനുകൂലമായ സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സംസ്ഥാനത്തെ വയനാട്ടിലും വിലങ്ങാടിലുമുണ്ടായ ദുരന്തത്തെ അതിജീവിക്കാൻ പ്രതിപക്ഷത്തിന്റെ എല്ലാ വിധ സഹായ സഹകരണവും ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. 24 ഉരുള്‍പൊട്ടലുകള്‍ ഒരു ഗ്രാമത്തില്‍ ഉണ്ടായെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. നാല്‍പ്പത് ഉരുള്‍പ്പൊട്ടല്‍ എങ്കിലും ഉണ്ടായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നു. ഫലപ്രദമായ ഒരു വിലങ്ങാട് പാക്കേജ് പ്രഖാപിക്കേണ്ടത് അനിവാര്യമാണെന്നും നിവേദനത്തിൽ പറയുന്നു.

21 വീടുകള്‍ പൂർണമായി തകര്‍ന്നു. നൂറ്റി അന്‍പതിലധികം വീടുകള്‍ വാസയോഗ്യമല്ലാതായി. ഇവര്‍ക്ക് പുതിയ വീടുകള്‍ നല്‍കി പുനരധിവാസം ഉറപ്പാക്കണം. ദുരന്ത ബാധികര്‍ക്ക് അടിയന്തര സഹായം നല്‍കണം. കൃഷിനാശം അതിഭീകരമാണ്. കൃഷി നാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സമീപ കാലത്തൊന്നും ഇവിടെ കൃഷി ഇറക്കാന്‍ സാധ്യമല്ല. ദുരന്ത മേഖലയിലെ കര്‍ഷകര്‍ എടുത്ത കാര്‍ഷിക ലോണുകള്‍ എഴുതി തള്ളാന്‍ നടപടി സ്വീകരിക്കണം. കൂടുതല്‍ കടക്കെണിയിലേക്കും ജപ്തി നടപടിയിലേക്കും കര്‍ഷകരെ തള്ളി വിടരുത്.

 

webdesk14: